കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിൽ മേഖലയിൽ ഇന്ത്യക്കാർക്ക് കൂടുതൽ സാധ്യതകൾ. വിവിധ രാജ്യങ്ങളിലെ തൊഴിലാളികൾ സ്വദേശങ്ങളിലേക്കു മടങ്ങിയതും ചില രാജ്യങ്ങളിലെ വിസ നടപടികൾ കുവൈത്ത് നിർത്തിവെച്ചതും ഇന്ത്യൻ തൊഴിലാളികളുടെ സാധ്യത വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളിക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോർട്ട്.
വരുംമാസങ്ങളില്‍ ഈ മേഖലയിലെ പ്രതിസന്ധി വർധിക്കുമെന്ന് ഗാർഹിക തൊഴിൽ കാര്യങ്ങളിൽ വിദഗ്ധനായ ബസ്സാം അൽ ഷമരി പറഞ്ഞു. രാജ്യത്ത് പ്രതിവർഷം നാലു മുതല്‍ നാലര ലക്ഷം വരെ സ്ത്രീ ഗാർഹിക തൊഴിലാളികളും മൂന്നര ലക്ഷം പുരുഷ ഗാർഹിക തൊഴിലാളികളും ആവശ്യമാണ്. എന്നാല്‍, ആവശ്യത്തിന് വീട്ടുജോലിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അൽ ഷമരി പറഞ്ഞു.
പല തൊഴിലാളികളും നിലവിലെ കരാര്‍ പുതുക്കാന്‍ വിസമ്മതിക്കുകയാണ്. കുറഞ്ഞ വേതനവും തൊഴിൽ അന്തരീക്ഷം പിടിക്കാത്തതുമാണ് പലരും ജോലി വിടാന്‍ കാരണമാകുന്നത്. അതോടൊപ്പം മറ്റു രാജ്യങ്ങളിൽ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നതും തൊഴിലാളികളെ അവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.
ഇത്യോപ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിയതും ഫിലിപ്പീൻസുകാര്‍ക്ക് വിസകള്‍ വിലക്കിയതുമാണ് കുവൈത്തിൽ തൊഴിലാളിക്ഷാമം കൂടുതല്‍ രൂക്ഷമാക്കിയതെന്നാണ് റിപ്പോർട്ട്.
നിലവില്‍ ശ്രീലങ്കയില്‍നിന്നും ഇന്ത്യയില്‍നിന്നുമാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. എന്നാൽ, ഇന്ത്യയിൽനിന്ന് വീട്ടുജോലികൾക്കെത്തുന്ന സ്ത്രീത്തൊഴിലാളികൾ കുറവാണ്. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ കുറഞ്ഞുവരുന്നുമുണ്ട്. 2020 ഡിസംബറിൽ കുവൈത്തിൽ 3,19,300 ഇന്ത്യൻ ഗാർഹികത്തൊഴിലാളികൾ ഉണ്ടായിരുന്നു. 2021 അവസാനത്തിൽ ഇത് 2,79,590 ആയി കുറഞ്ഞു.
2022ലും തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. അതിനിടെ, പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതൽ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത് ശ്രമം തുടങ്ങിയതായും വാര്‍ത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.