കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ തീരുന്നു. ഡിസംബർ 23ന് ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുമായുള്ള ആദ്യവിമാനം കുവൈത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
ഡിസംബർ ഏഴിന് ആദ്യ വിമാനമുണ്ടാവുമെന്ന് അറിയിക്കുകയും പിന്നീട് 14ലേക്ക് മാറ്റിവെക്കുകയും ചെയ്തെങ്കിലും ആദ്യവിമാനം ഇതുവരെ എത്തിയില്ല. ഇന്ത്യൻ വിമാനക്കമ്പനികൾക്കും അവസരം നൽകണമെന്ന ആവശ്യത്തിൽ തട്ടിയാണ് ആദ്യഘട്ടത്തിൽ മാറ്റിവെക്കേണ്ടി വന്നത്. ഇപ്പോൾ ഇരു രാജ്യങ്ങളിലെയും വ്യോമയാന വകുപ്പുകൾ ധാരണയിലെത്തിയിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് പ്രതിദിനം 400 പേരെ കൊണ്ടുവരാനാണ് ധാരണ. ഇതിൽ 200 സീറ്റ് ഇന്ത്യൻ വിമാനക്കമ്പനികളായ എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് എന്നിവക്കാണ്.
ബുധനാഴ്ച കുവൈത്ത് എയർവേയ്സ് വിമാനവും വെള്ളിയാഴ്ച ജസീറ എയർവേയ്സ് വിമാനവും തൊഴിലാളികളെ കൊണ്ടുവരും. ക്വാട്ട ആവശ്യപ്പെട്ട ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി കുവൈത്ത് വ്യോമയാന വകുപ്പ് ചർച്ച നടത്തിവരുകയാണ്. നേരത്തെ കുവൈത്തിൽനിന്ന് പ്രവാസികളുടെ മടക്കം സംബന്ധിച്ചും ഇത്തരത്തിൽ തർക്കം ഉണ്ടായിരുന്നു.
വന്ദേഭാരത് ദൗത്യത്തിെൻറ ആദ്യഘട്ടത്തിൽ ദേശീയ വിമാനക്കമ്പനിയായ എയർഇന്ത്യ സർവിസ് നടത്തിയ ഘട്ടത്തിൽ തർക്കമുണ്ടായില്ല. പിന്നീട് ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനികളായ ഇൻഡിഗോ, ഗോ എയർ എന്നിവ സർവിസ് നടത്തിത്തുടങ്ങിയപ്പോൾ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവക്കും ക്വാട്ട വേണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഇൗ വാദം ഇപ്പോൾ ഇന്ത്യ തിരികെ ഉന്നയിച്ചു.
തൊഴിലാളികളുടെ വരവിനോടനുബന്ധിച്ച് കുവൈത്ത് വിമാനത്താവളത്തിൽ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. ക്വാറൻറീൻ കേന്ദ്രങ്ങളും സജ്ജമാണ്. ബിനീദ് അൽ ഗാർ, കുവൈത്ത് സിറ്റി, ഫിൻതാസ്, സാൽമിയ, ഫർവാനിയ, മഹബൂല, അബൂഹലീഫ തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടലുകളും അപ്പാർട്മെൻറുകളും എടുത്താണ് ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യങ്ങൾ തമ്മിൽ ധാരണയിൽ എത്താത്തത് മാത്രമാണ് തടസ്സം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.