കുവൈത്ത് സിറ്റി: ഇസ്രായേലിന്റെ ക്രൂരതക്കും അക്രമങ്ങൾക്കും വിധേയമായി നരകിക്കുന്ന ഫലസ്തീൻ ജനതയോടുള്ള കുവൈത്തിന്റെ സമീപനം ശ്ലാഘനീയവും സ്വാഗതാർഹവുമാണെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ. ഹുദ സെന്റർ പ്രവർത്തകർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ അദ്ദേഹം.
ഗസ്സ തകർക്കുകയും ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കുകയും ലക്ഷക്കണക്കിന് പൗരന്മാരോട് നാടുവിടാൻ കൽപിക്കുകയും ചെയ്യുന്ന ആക്രമിരാഷ്ട്രത്തോട് ശക്തമായി അരുതെന്നു പറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് കുവൈത്ത്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയും മറ്റ് ചാരിറ്റി സംഘങ്ങളും മുഖേന ടൺകണക്കിന് ഭക്ഷ്യവസ്തുക്കളും മരുന്നുകളും അവശ്യവസ്തുക്കളും ഫലസ്തീനിൽ എത്തിച്ചുകഴിഞ്ഞു.
അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായമാണ് ഇസ്രായേലിനെ കൂടുതൽ ആക്രമികളാക്കുന്നത്. മർദകനെയും മർദിതനെയും ഒരുപോലെ കാണുന്ന നിഷ്പക്ഷ സമീപനവും ശരിയല്ല. ഏത് വിഷയത്തിലും ശരിയുടെയും നീതിയുടെയും പക്ഷത്താണ് നിൽക്കേണ്ടത്. ഇക്കാര്യത്തിൽ കുവൈത്തും സൗദിയും ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളും നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചത് ആശ്വാസകരമാണെന്നും ഹുസൈൻ മടവൂർ പറഞ്ഞു. ഹുദ സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരകുന്ന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി സ്വാഗതവും ആദിൽ സലഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.