കുവൈത്ത് സിറ്റി: യേശുക്രിസ്തുവിന്റെ ഉയിർപ്പ് സ്മരണയിൽ കുവൈത്തിലെ ക്രിസ്തീയ സമൂഹം ഈസ്റ്റർ ആഘോഷിച്ചു. ക്രിസ്തീയ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളോടെയാണ് വിശ്വാസികൾ ആഘോഷത്തിലേക്ക് കടന്നത്. വിവിധ ഇടവകകളുടെയും ആത്മീയ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ഉയിർപ്പ് ശുശ്രൂഷകൾ പുലർച്ച വരെ നീണ്ടു. ദുഃഖവെള്ളിയിലെ കുരിശുമരണത്തിന് മൂന്നാം നാൾ ക്രിസ്തുദേവൻ ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയിലാണ് ക്രിസ്തീയ സമൂഹം ഈസ്റ്റർ ആഘോഷിക്കുന്നത്. വിശുദ്ധനാളിന്റെ ഭാഗമായി വിശ്വാസിസമൂഹം 50 ദിവസം അനുഷ്ഠിച്ച നോമ്പിനും ഈസ്റ്ററോടെ സമാപനമായി.
കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ഈസ്റ്റർ ശുശ്രുഷയിലും വിശുദ്ധ കുർബാനയിലും നിരവധി പേർ പങ്കെടുത്തു. നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. സിജിൽ ജോസ് വിലങ്ങൻപാറ നേതൃത്വം നൽകി. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ സംബന്ധിച്ചു. ഹാശാ ആഴ്ചയിലെ പരിപാടികൾക്ക് സെക്രട്ടറി സുനിൽ ജോസഫും ട്രസ്റ്റി ചെസ്സി ചെറിയാനും മാനേജിങ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.
സെൻറ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയപള്ളിയുടെ ഈസ്റ്റർ ശുശ്രൂഷ കുവൈത്ത് സിറ്റി നാഷനൽ ഇവാഞ്ചലിക്കയിൽ തൃശൂർ ഭദ്രാസന അധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. ഇടവക വികാരി ഫാ. സ്റ്റീഫൻ നടുവക്കാട്ടു, ഫാ. എബ്രഹാം ഷാജി എന്നിവർ സഹ കാർമികത്വം വഹിച്ചു. കുവൈത്ത് സിറ്റി മാർത്തോമ ഇടവകയുടെ ഈസ്റ്റർ ദിന കുർബ്ബാന ശുശ്രൂഷ അബ്ബാസിയ ആസ്പെയർ ഓഡിറ്റോറിയത്തിൽ നടന്നു. വികാരി. എ.ടി സഖറിയ കാർമികത്വം വഹിച്ചു. മാർത്തോമ സുവിശേഷക പ്രസംഗ സംഘം സഞ്ചാര സെക്രട്ടറി ജിജി വർഗീസ് സഹകാർമികനായിരുന്നു.
മലങ്കര ഇവാഞ്ചലിക്കൽ ചർച്ചിന്റെ നേതൃത്വത്തിൽ ഈസ്റ്റർ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി ഫാ. പ്രജീഷ് മാത്യു ഈസ്റ്റർ ദിന സന്ദേശനം നൽകി. മൃദുൻ ജോർജ്, രാഗിൽ, സോനറ്റ് ജസ്റ്റിൻ എന്നിവർ ആരാധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.