കുവൈത്ത് സിറ്റി: ഇൗദ് അവധി ആഘോഷത്തിനായി 55,000 കുവൈത്തികൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നതായി ട്രാവൽ ആൻഡ് ടൂറിസം യൂനിയൻ ഡയറക്ടർ ബോർഡ് അംഗം ഹുസൈൻ അൽ സുൽത്താൻ പറഞ്ഞു. 442 വിമാനങ്ങളാണ് കുവൈത്തിൽനിന്ന് പുറത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
435 വിമാനങ്ങളിൽ 18,000 പേർ ഇൗ ദിവസങ്ങളിൽ കുവൈത്തിലേക്കും വരുന്നു. ആകെ 877 യാത്രാവിമാന ഷെഡ്യൂളുകളും 73,000 യാത്രക്കാരുമാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും അവധി ആഘോഷിക്കാൻ പോകുന്ന കുവൈത്തികളാണ്.
കോവിഡ് വ്യാപനം കൂടുതലുള്ള ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് കുവൈത്തികൾ യാത്ര ഒഴിവാക്കും.തുർക്കി, മാലദ്വീപ്, ജോർജിയ, ബോസ്നിയ, അസർബൈജാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ പേർ പോകാൻ താൽപര്യപ്പെടുന്നത്. വിദേശികളുടെ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ അവർക്ക് ഇപ്പോൾ പുറത്തുപോയി വരാൻ കഴിയില്ല. കുവൈത്തിൽനിന്ന് പോകുന്നതിന് തടസ്സമില്ല. തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ ആഗസ്റ്റ് ഒന്നുവരെയെങ്കിലും കാത്തിരിക്കണം. അവധിക്കാല യാത്ര മുൻവർഷങ്ങളെ അപേക്ഷിച്ച് കുത്തനെ കുറയും.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 3500ൽനിന്ന് 5000 ആക്കി ഉയർത്തിയത് ആശ്വാസമാണ്. ഇത് ഇനിയും വർധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഒരു ദിവസം 67 വിമാനങ്ങൾക്ക് സർവിസ് നടത്താനാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾക്ക് വിധേയമായി മാത്രമേ യാത്രക്കാരെ അനുവദിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.