കുവൈത്ത് സിറ്റി: രാഷ്ട്രീയ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന നിയമവ്യവസ്ഥയെക്കുറിച്ചുള്ള കേസുകളിൽ ഭരണഘടനാ കോടതി ഞായറാഴ്ച വിധി പറയും. വ്യാഴാഴ്ച വിഷയം പരിഗണനക്കെടുത്ത കോടതി വിധിപറയൽ ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. മത്സരരംഗത്തുള്ള പത്തോളം പേരുടെ ഭാവി നിർണയിക്കുന്ന വിധികൂടിയാകും ഞായറാഴ്ചയിലേത്. കോടതിവിധിയുടെ പശ്ചാത്തലത്തിലാകും ഇവർക്ക് മത്സരരംഗത്ത് തുടരാനാകുമോ എന്ന് വ്യക്തമാകുക.
2013ലെ അസംബ്ലിയാണ് നിയമം പാസാക്കിയത്. 2016ലെ പാർലമെന്റ് ഭേദഗതി ചെയ്തതുമായ നിയമം ഇതോടെ കൂടുതൽ ചർച്ചയായിട്ടുണ്ട്. അല്ലാഹുവിനെയും പ്രവാചകന്മാരെയും അമീറിനെയും അപമാനിച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവരെയും പൊതുസ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നതിൽനിന്ന് ആജീവനാന്തം വിലക്കുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകിയ 15 സ്ഥാനാർഥികളെ ആഭ്യന്തരമന്ത്രാലയം അയോഗ്യരാക്കിയ നടപടിയാണ് കോടതിവ്യവഹാരങ്ങളിലേക്ക് നീണ്ടത്. ആഭ്യന്തരമന്ത്രാലയം നടപടി അപ്പീൽ കോടതി റദ്ദാക്കുകയും മത്സരിക്കാൻ എല്ലാവരെയും അനുവദിക്കുകയും ചെയ്തിരുന്നു. മൂന്ന് സ്ഥാനാർഥികളുടെ അയോഗ്യത റദ്ദാക്കിയ അപ്പീൽ കോടതി, അഞ്ചുപേരുടെ തീരുമാനങ്ങൾ ഭരണഘടനാകോടതിക്ക് വിട്ടു. ഇതാണ് ഭരണഘടനാകോടതിയിലേക്ക് വിഷയത്തെ എത്തിച്ചത്.
കുവൈത്ത് സിറ്റി: നാഷനൽ അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രത്യേക ക്ഷണിതാക്കളായി എത്തുന്നവരിൽ മീഡിയവൺ പ്രതിനിധിയും. തുടർച്ചയായ മൂന്നാം തവണയാണ് വാർത്താവിനിമയ മന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണിതാക്കളായി നാഷനൽ അസംബ്ലി തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനും കവറേജിനുമായി മീഡിയവണിന് ക്ഷണം ലഭിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള സംഘത്തിൽ മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ, മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയൽ, എൻ.പി. ഹാഫിസ് മുഹമ്മദ്, എം.ഡി. നാലപ്പാട് എന്നിവരാണുള്ളത്. ബി.ബി.സി, സി.എൻ.എൻ തുടങ്ങിയ അന്താരാഷ്ട്രമാധ്യമങ്ങളുടെ പ്രതിനിധികളും നിരീക്ഷകരായി എത്തുന്നുണ്ട്. വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനുകളും വോട്ടെണ്ണൽ കേന്ദ്രങ്ങളും വിദേശ പ്രതിനിധിസംഘം സന്ദർശിക്കും. വിദേശ മാധ്യമപ്രവർത്തകർക്കായി പ്രത്യേക ഇൻഫർമേഷൻ സെന്ററും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.