കുവൈത്ത് സിറ്റി: കുവൈത്തിലെ തെരഞ്ഞെടുത്ത റസ്റ്റാറൻറുകളിൽ ഇന്ത്യൻ എംബസിയുടെ പരാതിപ്പെട്ടി സ്ഥാപിക്കും. റസ്റ്റാറൻറ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് പ്രാഥമിക ധാരണ രൂപപ്പെട്ടത്.എംബസി അധികൃതർ കൃത്യമായ ഇടവേളകളിൽ പരാതികൾ എടുത്തുകൊണ്ടുപോയി തുടർ നടപടികൾ സ്വീകരിക്കും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നത് ഇന്ത്യക്കാർക്ക് അനുഗ്രഹമാണ്.
എംബസിയിലേക്ക് എത്താതെ തന്നെ പ്രശ്നങ്ങൾ അധികൃതരെ അറിയിക്കാൻ പുതിയ സംവിധാനം സഹായിക്കും. റസ്റ്റാറൻറ് മേഖലയിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംഘടന പ്രതിനിധികൾ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. കോവിഡ് നിയന്ത്രണ ഭാഗമായി ഏർപ്പെടുത്തിയ കർഫ്യൂ കാരണം പ്രവർത്തനസമയം കുറഞ്ഞതുകൊണ്ട് റസ്റ്റാറൻറ് ഉടമകൾ നേരിടുന്ന വൻ സാമ്പത്തിക നഷ്ടങ്ങൾ അംബാസഡറെ ധരിപ്പിക്കുകയും എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാവണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
കുവൈത്തിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ വേണ്ട ഭീമമായ ചെലവ് താങ്ങാൻ കഴിയാതെ വിഷമിക്കുന്നവരെ സഹായിക്കാൻ ഇന്ത്യൻ എംബസി തയാറാകണമെന്ന നിവേദനവും നൽകി.എംബസിയുടെ ഭാഗത്തുനിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും റോക്കിെൻറ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതായും ഭാരവാഹികൾ പറഞ്ഞു. ചർച്ചയിൽ റസ്റ്റാറൻറ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് പ്രസിഡൻറ് നിസാർ പയ്യോളി, വൈസ് ചെയർമാൻ അബു കോട്ടയിൽ, സെക്രട്ടറി ഷാഫി മഫാസ്, വൈസ് പ്രസിഡൻറ് ഷബീർ മണ്ടോളി, എൻ.കെ. റഹീം ഹൈലാൻഡ്, ട്രഷറർ പി.വി. നജീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.