കുവൈത്ത് സിറ്റി: സൗഹൃദം പുതുക്കി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഖത്തർ സന്ദർശനം. ചൊവ്വാഴ്ച ഖത്തറിലെത്തിയ അമീറിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ കുവൈത്ത് അമീറിനെയും പ്രതിനിധികളെയും സ്വീകരിച്ചു.
തുടർന്ന് ഖത്തർ അമീരി ദിവാനിൽ കുവൈത്ത് അമീറിന് ഔദ്യോഗിക സ്വീകരണം നൽകി. കുതിരപ്പടയാളികൾ, ഒട്ടകനിര, ഖത്തരി നൃത്തം, ഗൺ സല്യൂട്ട് എന്നിവയോടെയാണ് അമീറിനെ വരവേറ്റത്. കുവൈത്തിന്റെയും ഖത്തറിന്റെയും ദേശീയ ഗാനങ്ങളും ആലപിച്ചു. ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത സൗഹൃദബന്ധം, ഉഭയകക്ഷി ബന്ധം വികസിപ്പിക്കൽ, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങൾ, ഇടപെടലുകൾ എന്നിവ ചർച്ച ചെയ്തു. ഖത്തർ അമീർ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിലും കുവൈത്ത് അമീറും പ്രതിനിധി സംഘവും പങ്കെടുത്തു.
ശൈഖ് അലി ജറഹ് സബാഹ് അൽ മുഹമ്മദ് അസ്സബാഹ്, ശൈഖ് അബ്ദുല്ല ഫഹദ് അൽ മാലിക് അൽ സൽമാൻ അസ്സബാഹ്, കുവൈത്ത് നാഷനൽ ഗാർഡ് (കെ.എൻ.ജി) ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് സലാഹ് നാസർ അൽ അലി അൽ മുഹമ്മദ് അസ്സബാഹ്, ശൈഖ് ഫഹദ് സേലം സബാഹ് അൽ നാസർ അസ്സബാഹ്, ശൈഖ് ഡോ.തലാൽ ഫഹദ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് അബ്ദുല്ല സാലിം സബാഹ് അസ്സബാഹ്, ശൈഖ് മുബാറക് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, അമീരി ദിവാനിലെ മുതിർന്ന ഉദ്യോഗസഥർ എന്നിവർ അമീറിനെ അനുഗമിച്ചു. വൈകീട്ടോടെ കുവൈത്തിൽ തിരിച്ചെത്തിയ അമീർ, ഖത്തർ അമീറിന് അഭിനന്ദന സന്ദേശം അയച്ചു.
ശൈഖ് തമീമിന്റെ ആതിഥ്യത്തിനും ഊഷ്മളമായ സ്വീകരണത്തിനും അമീർ നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യബന്ധം കാണിക്കുന്നതായി സന്ദർശനമെന്നും വ്യക്തമാക്കി. ‘സ്ഥാപക വാൾ സമ്മാനിച്ചതിനും അമീർ പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഖത്തർ അമീറിനും അദ്ദേഹത്തിന്റെ രാജ്യത്തിനും ക്ഷേമവും കൂടുതൽ ഐശ്വര്യവും പുരോഗതിയും ആശംസിച്ചു.
ഖത്തറിന്റെ പരമോന്നത ബഹുമതിയായ രാഷ്ട്രസ്ഥാപകന്റെ പേരിലുള്ള വാൾ കുവൈത്ത് അമീറിന് ഖത്തർ അമീർ സമ്മാനിക്കുന്നു
ഖത്തറിന്റെ ആദരവായി വാൾ സമ്മാനിച്ചു
കുവൈത്ത് സിറ്റി: ഖത്തർ സന്ദർശിക്കുന്ന കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് രാജ്യത്തിന്റെ ആദരവായി രാഷ്ട്രസ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ വാൾ സമ്മാനിച്ച് അമീർ. ഇരു രാജ്യങ്ങളും തമ്മിലെ ഊഷ്മളമായ സൗഹൃദത്തിന്റെയും നയതന്ത്ര ബന്ധത്തിന്റെയും ആദരവായാണ് ഖത്തറിന്റെ പരമോന്നത ബഹുമതിയായ ശൈഖ് ജാസിം വാൾ കുവൈത്ത് അമീറിന് സമ്മാനിച്ചത്. സൗഹൃദ രാഷ്ട്രങ്ങളുടെ അമീർ, രാജാവ്, പ്രസിഡന്റ് ഉൾപ്പെടെ വ്യക്തിത്വങ്ങൾക്ക് അമീർ സമ്മാനിക്കുന്നതാണ് ഈ പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.