കുവൈത്ത് സിറ്റി: വേനലിൽ വൈദ്യുതി, ജലം എന്നിവയുടെ ഉപഭോഗം കുറക്കാൻ കാമ്പയിൻ. ഊർജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ബോധവത്കരണ പരസ്യങ്ങളുമായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. ഇതിന്റെ ഭാഗമായി കുവൈത്ത് പബ്ലിക് ട്രാൻസ്പോർട് കമ്പനിയുമായി (കെ.പി.ടി.സി) സഹകരിച്ച് 30 പൊതുഗതാഗത ബസുകളിൽ ബോധവത്കരണ പരസ്യങ്ങൾ ഉൾപ്പെടുത്തി. ജല-വൈദ്യുതി എന്നിവയുടെ മിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളാണ് ബസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
വൈദ്യുതിയുടെയും വെള്ളത്തിന്റെയും അമിത ഉപയോഗം കുറക്കുന്നതിന് ബോധവത്കരണ കാമ്പയിൻ ഗുണം ചെയ്യുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. സ്വകാര്യ വസതികളിലെ വെള്ളവും വൈദ്യുതിയും സംരക്ഷിക്കുന്നതിലൂടെ ആളുകൾക്ക് അവരുടെ ബില്ലുകളിൽ വലിയ ശതമാനം കുറവു നേടാമെന്നും മന്ത്രാലയം സൂചിപ്പിച്ചു. വൈദ്യുതി, ജല ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കലും ഉപഭോഗം യുക്തിസഹമാക്കലും കൂടി ലക്ഷ്യമിട്ടാണ് കാമ്പയിൻ. ഉപഭോഗം കുറക്കുന്നതോടെ സാമ്പത്തിക ഭാരം കുറയുന്നതിനൊപ്പം ഊർജോൽപ്പാദനം കുറച്ച് പരിസ്ഥിതിക്കും ഗുണകരമാക്കാം. വേനലിൽ രാജ്യത്ത് വൈദ്യുതി, ജല ഉപഭോഗം കുത്തനെ വർധിക്കുന്നത് പതിവാണ്. ചൂട് കൂടുന്നതോടെ ജനങ്ങൾ മുഴുവൻ സമയം എ.സി ഉപയോഗിക്കുന്നതും കൂടുതൽ ജലം ഉപയോഗിക്കുന്നതുമാണ് ഇവക്കുകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.