കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യസേവന ഫീസ് വർധിപ്പിക്കുന്നതിനുള്ള ത്രിതല പദ്ധതി നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പദ്ധതിപ്രകാരം, ഗാർഹിക തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസിന്റെ ചെലവ് തുടക്കത്തിൽ മാറ്റമില്ലാതെ തുടരും. ഇവർ സർക്കാർ നടത്തുന്ന ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളിൽ ചികിത്സ തുടരുന്നതിനാലാണിത്. എന്നാൽ, ഭാവിയിൽ ഇത് നേരിയതോതിൽ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം സ്രോതസ്സുകളെ സൂചിപ്പിച്ച് കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. തൊഴിലാളികളുടെ ഇൻഷുറൻസ് ചെലവ് വഹിക്കാൻ ബാധ്യസ്ഥരായ പൗരന്മാർക്ക് ഭാരമാകാതിരിക്കാൻ കുറഞ്ഞ ഫീസ് വർധനയാണ് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്. അതേസമയം, ഈ വർഷം മുതൽ വിദേശി തൊഴിലാളികളുടെ ചികിത്സ പൂർണമായും ദമാൻ ആശുപത്രിലേക്കു മാറ്റുമെന്നാണ് സൂചന. സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളുടെയും ആശ്രിതരുടെയും ചികിത്സയായിരിക്കും ദമാൻ ആശുപത്രികളിൽ ലഭ്യമാകുക.
ഇതോടെ സർക്കാർ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും സേവനം കുവൈത്ത് പൗരന്മാർക്കു മാത്രമാകും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ, ഫാമിലി റെസിഡന്റ്സ് പെർമിറ്റ് ഉള്ളവർ എന്നിങ്ങനെ ഏകദേശം 20 ലക്ഷം പ്രവാസികൾക്ക് ദമാൻ ആശുപത്രികളിൽ മാത്രമേ പരിചരണം ലഭിക്കൂ എന്ന് ആദ്യ ഘട്ടം വ്യവസ്ഥ ചെയ്യുന്നു. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് തുടക്കത്തിൽ സർക്കാർ ആശുപത്രികളിൽ പരിചരണം ലഭിക്കുമെങ്കിലും പദ്ധതിയുടെ പൂർത്തിയാകുന്നതോടെ ഇവർക്കും ദമാൻ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തും. സന്ദർശന വിസയിലുള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനും മന്ത്രാലയം ആലോചിക്കുന്നതായും സൂചനകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.