കുവൈത്ത് സിറ്റി: ആഘോഷ അവസരങ്ങളിലും വെക്കേഷൻ സമയത്തും കുത്തനെ ഉയരുന്ന വിമാന ടിക്കറ്റ് നിരക്കിൽ ഇടപെടൽ ഉണ്ടാകുമെന്ന പ്രവാസികളുടെ പ്രതീക്ഷകൾ അസ്തമിക്കുന്നു. ഈ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കേന്ദ്രസർക്കാർ വീണ്ടും നിലപാട് വ്യക്തമാക്കി.
ഇതോടെ വർഷങ്ങളായി വിമാനകമ്പനികൾ നടത്തുന്ന സീസണൽ കൊള്ള തുടരും. വിഷയത്തിൽ പ്രവാസികളുടെ ദീർഘനാളായുള്ള ആവശ്യത്തോട് മുഖം തിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്‍റെ ആവശ്യം കഴിഞ്ഞ ദിവസവും കേന്ദ്ര സർക്കാർ നിരസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ആവശ്യം തള്ളിയത്. ‘ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാന കമ്പനികൾക്കാണ്.ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർധന മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിങ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂ’ എന്നും സിന്ധ്യ വ്യക്തമാക്കി.
ചാർട്ടേഡ് വിമാനങ്ങൾ അനുവദിക്കുന്നത് അതിനായുള്ള ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചുകൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു. അമിത നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപറേറ്റ് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്.
ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണെന്നും ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ വർധനയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്ര സർക്കാർ ചെവിക്കൊണ്ടില്ല.
ഇതോടെ ഈ ഓണക്കാലത്തും നാട്ടിലെത്താനും തിരിച്ചു പോരാനും പ്രവാസികൾ വൻ തുക മുടക്കേണ്ടിവരും.പ്രവാസികളുടെ വിഷയവും വിമാനങ്ങളുടെ സീസണൽ കൊള്ളയും എ.എം.ആരിഫ് എം.പി, അടൂർ പ്രകാശ് എം.പി എന്നിവർ നേരത്തെ ലോക്സഭയിൽ ഉന്നയിച്ചിരുന്നു. വിഷയത്തിൽ ഇടപെടാനാകില്ലെന്നാണ് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ.വി.കെ.സിങ് ലോക്സഭയിൽ മറുപടി നൽകിയത്.എയർലൈൻസുകൾക്ക് ഇഷ്ടപ്രകാരം യാത്രാനിരക്ക് തീരുമാനിക്കാൻ കഴിയുന്നതിനാൽ കേന്ദ്ര സർക്കാറിന് വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് ഡോ.വി.കെ.സിങ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.