മാനസിക, ആത്മീയ നേട്ടങ്ങൾക്കൊപ്പം ശാരീരികവും ആരോഗ്യകരവുമായ ഒട്ടേറെ ഗുണങ്ങൾ നോമ്പുമൂലം കൈവരുന്നുണ്ട്. ശരിയായ രീതിയിലുള്ള ഭക്ഷണക്രമംകൊണ്ടുള്ള നോമ്പ് ആമാശയം ശുദ്ധീകരിക്കുകയും ദഹനവ്യവസ്ഥയെ ക്രമപ്പെടുത്തുകയും ചെയ്യും. നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും ഇതുവഴി കഴിയും. ഇതിന് നോമ്പുകാലങ്ങളിൽ ആരോഗ്യകാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. എന്നാൽ, പകൽ ആഹാരവസ്തുക്കളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും രാത്രി മുഴുവൻ ഭക്ഷണവും എന്ന രീതി ആരോഗ്യത്തിന് ഗുണം ചെയ്യില്ല. ഭക്ഷണ കാര്യങ്ങളിൽ ചെറിയ ശ്രദ്ധ നൽകിയാൽ നോമ്പ് ആരോഗ്യകരമാക്കാം.
പുലർച്ച സുബ്ഹിക്ക് മുമ്പ് കഴിക്കുന്ന അത്താഴം ഒരു കാരണവശാലും ഒഴിവാക്കരുത്. നോമ്പെടുക്കുന്ന പകലിലെ ക്ഷീണം കുറക്കാനും ഉണർവ് നൽകാനും അത്താഴം സഹായിക്കും. അതേസമയം, കട്ടിയുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ആഹാരങ്ങളും എണ്ണപ്പലഹാരങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
നേന്ത്രപ്പഴം, ആപ്പിൾ, പേരക്ക, ഈത്തപ്പഴം, നട്സ് എന്നിവ കഴിക്കുന്നത് നല്ലതാണ്. പുളിയുള്ളതും എരിവുള്ള കൂടുതൽ മസാല കലർന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം. ഇവ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകാം. ഇഡലി, ദോശ എന്നിവ വയറിന് ആശ്വാസം തരുന്നവയാണ്. ചിലർ ചെറുപഴവും അവിലും കഴിക്കാറുണ്ട്. ഇത് വയർ തണുപ്പിക്കാൻ സഹായിക്കും. അത്താഴത്തിന് ധാരാളം വെള്ളം കുടിക്കാനും ശ്രമിക്കുക.
നോമ്പുതുറ പോഷകസമ്പന്നമാക്കാം
ഈത്തപ്പഴം, വെള്ളം എന്നിവ ഉപയോഗിച്ച് നോമ്പുതുറക്കാം. ഉടനെ വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ജ്യൂസുകൾ, ഫ്രൂട്സ്, ഓട്സ്, തരിക്കഞ്ഞി എന്നിവ ആദ്യഘട്ടത്തിൽ കഴിക്കാം. നോമ്പുതുറക്കുന്ന സമയത്ത് ഇളനീർ കഴിക്കുന്നത് നല്ലതാണ്. കറുത്ത കസ്കസ് ജ്യൂസുകളിൽ ഉപയോഗിക്കാം. പലരും നോമ്പുതുറ സമയത്ത് എണ്ണപ്പലഹാരങ്ങളും മധുരമുള്ളവയും കഴിക്കുന്നത് പതിവാണ്. ഇത് ശരീരത്തിന് ഗുണകരമല്ല.
നോമ്പ് തുറന്നുകഴിഞ്ഞ് അൽപസമയം കഴിഞ്ഞ് മറ്റു ഭക്ഷണങ്ങൾ കഴിക്കാം. ചായയും കാപ്പിയും കൂടുതൽ കഴിക്കുന്നതും, കൊഴുപ്പു കൂടിയവയും ഒഴിവാക്കി ആരോഗ്യം കാക്കാം. നോമ്പുതുറക്കുന്ന സമയത്ത് അമിത ഭക്ഷണവും വയർ നിറച്ചുകഴിക്കുന്നതും ഒഴിവാക്കാം. കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ ദഹനപ്രശ്നങ്ങൾക്കും ശരീരഭാരം കൂട്ടാനും ഇടയാക്കും. അമിത ഉപ്പും മധുരവും ഒഴിവാക്കാം. കൊഴുപ്പും മധുരവുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ നോമ്പിലൂടെ കൊളസ്ട്രോൾ, പ്രമേഹം എന്നിവയെ ചെറുക്കാൻ കഴിയും.
വെള്ളം കൂടുതൽ കുടിക്കുക. ഇത് നിർജലീകരണത്തെ ചെറുക്കും. ചിക്കൻ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങൾ എന്നിവ പ്രോട്ടീൻ നൽകുന്നതിനാൽ വിശപ്പുകുറക്കാൻ സഹായിക്കും. ജീവിതശൈലീരോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ നാരുകളടങ്ങിയ ഭക്ഷണം പ്രത്യേകം കഴിക്കാൻ ശ്രദ്ധിക്കണം. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.