കുവൈത്ത് സിറ്റി: കുരിശുമരണത്തിനു മുന്നോടിയായി യേശുക്രിസ്തു നടത്തിയ ജറൂസലം പ്രവേശന ഓര്‍മയില്‍ കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി. ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായ കഴുതപ്പുറത്തെത്തിയ യേശുവിനെ ജനക്കൂട്ടം ഒലിവിന്‍ചില്ലകളും ആര്‍പ്പുവിളികളുമായി ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്‍മപുതുക്കുന്ന ഓശാനയോടെ വിശുദ്ധവാരാചരണത്തിനും തുടക്കമായി. ക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ഓര്‍മപുതുക്കുന്ന ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർഥനാദിനങ്ങളാണ്. വിവിധ ദേവാലയങ്ങളിൽ നടന്ന ഓശാന പ്രത്യേക പ്രാർഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ വിവിധ ദേവാലയങ്ങളായ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ ഓശാന പെരുന്നാളിന്റെ ശുശ്രൂഷകൾ നടന്നു.
മലങ്കരസഭ കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. ഗീവർഗീസ് ജോൺ, ഫാ. ഷാനു ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓശാന ശുശ്രൂഷകൾ കൊണ്ടാടി. നിരവധി വിശ്വാസികൾ പങ്കെടുത്ത ശുശ്രൂഷകൾക്ക് റവ. ഫാദർ എബി മട്ടക്കൽ മുഖ്യകാർമികത്വം വഹിച്ചു. പൂക്കളും കുരുത്തോലകളുമായി ജനങ്ങൾ ശുശ്രൂഷയിൽ പങ്കെടുത്തു.
അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമപുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധവാരാചരണം പൂർത്തിയാകും. ഉയിർപ്പ് ഞായറോടെ അമ്പത് നോമ്പിനും സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.