കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ രാജ്യത്ത് നടപ്പാക്കിയ ഫ്ലക്സിബിൾ പ്രവൃത്തി സമയം പൊതുമേഖലയിൽ തുടരും. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാകുംവരെ സംവിധാനം തുടരാനാണ് തീരുമാനമെന്ന് സിവിൽ സർവിസ് കമീഷൻ അറിയിച്ചു.
റമദാനിൽ അഞ്ചു മണിക്കൂറായിരുന്ന ജോലിസമയം പെരുന്നാൾ അവധിക്ക് ശേഷം പൊതുമേഖലയിൽ ഏഴുമണിക്കൂറാകും. ഈ സമയങ്ങളിൽ രാവിലെ ഏഴുമുതൽ 3.30 വരെയുള്ള പ്രവൃത്തി സമയത്തെ നാലു വിഭാഗമായി തിരിച്ചാണ് പുതിയ സമയക്രമം. ഷെഡ്യൂളുകൾ ജോലിക്കാർക്ക് ഇതിൽ അനുയോജ്യമായ സമയം തിരഞ്ഞെടുക്കാം. രാവിലെ 7.00 മുതൽ 2.00 വരെ, 7.30 മുതൽ 2.30, 8.00 മുതൽ 3.00, 8.30 മുതൽ 3.30 വരെ എന്നിങ്ങനെയാണ് ഷെഡ്യൂളുകൾ. ബുധനാഴ്ച ചേർന്ന സിവിൽ സർവിസ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. രാജ്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന ചർച്ചയെത്തുടർന്ന് റമദാനിൽ ഈ സംവിധാനം പരീക്ഷണമെന്ന നിലയിൽ നടപ്പാക്കുകയായിരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി രാജ്യത്ത് ഫ്ലക്സിബിൾ പ്രവൃത്തി സമയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച വർഷങ്ങളായി സജീവമാണ്. ജനങ്ങൾ ഓഫിസുകളിലേക്കും വിദ്യാർഥികൾ സ്കൂളുകളിലേക്കും ഒരുമിച്ചു പുറത്തിറങ്ങുന്നതോടെ രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. ഇത് കുറക്കാൻ ഫ്ലക്സിബിൾ പ്രവൃത്തി സമയം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. റമദാനിൽ വിവിധ ജോലി സമയം ക്രമീകരിച്ചതിനൊപ്പം സ്കൂൾ പ്രവർത്തന സമയവും ക്രമീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.