കുവൈത്ത് സിറ്റി: ലിബിയയുടെ ഐക്യം, പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ കാത്തുസൂക്ഷിക്കാനും സമാധാനത്തിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്തിന്റെ സമ്പൂർണ പിന്തുണ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. ലിബിയൻ വിദേശകാര്യ മന്ത്രി ഡോ. നജ്ല മംഗൂഷുമായുള്ള കൂടിക്കാഴ്ചയിലാണ് ശൈഖ് സലീം കുവൈത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം, വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ എന്നിവയും ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ചയായി. ലിബിയയിൽ സുരക്ഷയും സുസ്ഥിരതയും സ്ഥാപിക്കാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെയും മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുള്ള സ്ഥിരമായ ശ്രമങ്ങളെയും ലിബിയൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു.
ഔദ്യോഗിക സന്ദർശന ഭാഗമായി തിങ്കളാഴ്ചയാണ് ലിബിയൻ വിദേശകാര്യ മന്ത്രി ഡോ. നജ്ല മംഗൂഷ് കുവൈത്തിൽ എത്തിയത്. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രോട്ടോകോളുകൾക്കായുള്ള വിദേശകാര്യ സഹമന്ത്രി അംബാസഡർ നബീൽ അൽ ദഖിൽ, ലിബിയയിലെ കുവൈത്ത് അംബാസഡർ സിയാദ് അൽ മഷാൻ, ശൈഖ് സലീമിന്റെ ഓഫിസ് കാര്യ സഹമന്ത്രി നവാഫ് അബ്ദുല്ലത്തീഫ് അൽ അഹമ്മദ്, കുവൈത്തിലെ ലിബിയൻ അംബാസഡർ സുലൈമാൻ അൽസാഹിലി, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വിമാനത്താവളത്തിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.