കുവൈത്ത് സിറ്റി: ദീർഘിച്ച നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനുശേഷം പൊന്നാനി സ്വദേശിയായ എം.പി തങ്ങൾ നാട്ടിലേക്കു മടങ്ങുന്നു. 1977 ജൂലൈ രണ്ടിന് മുംബൈ വഴി കുവൈത്തിന്റെ മണ്ണിൽ കാലുകുത്തിയ എം.പി തങ്ങളെന്ന ഹുസൈൻ സഖാഫിന്റെ പ്രവാസ അനുഭവങ്ങൾക്ക് കുവൈത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. 26ാം വയസ്സിൽ കുവൈത്തിലെത്തിയ എം.പി തങ്ങളുടെ 46 വർഷങ്ങൾ കുവൈത്തിന്റെ സ്ഥലരാശികളുമായും അനേകമനേകം പ്രവാസ ജീവിതങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു.
ഒറ്റപ്പെട്ട ചുരുക്കം വീടുകൾ, നീണ്ടുകിടക്കുന്ന മണൽപ്പരപ്പുകൾ, ഏതാനും റോഡുകൾ -അതായിരുന്നു എം.പി തങ്ങൾ വന്നിറങ്ങുമ്പോൾ കുവൈത്ത്. ഇന്നത്തെപ്പോലെ കനത്ത ചൂട് അന്നില്ല, എന്നാൽ പണ്ട് തണുപ്പിന് കുറവുണ്ടായിരുന്നില്ല. ബഹുനില കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും കുറവ്. വളരെ കുറഞ്ഞ ജനങ്ങളും പ്രവാസികളും മാത്രമായിരുന്നു അന്ന് കുവൈത്തിൽ. കത്തുകളിലൂടെ കഥ പറഞ്ഞിരുന്ന കാലം.
എഴുത്തും വരയുമായിരുന്നു എം.പി തങ്ങളുടെ മുതൽക്കൂട്ട്. കളർപ്രിന്റിങ് രീതി പ്രചാരത്തിലില്ലാത്ത കാലത്ത് മനോഹരമായ കൈയക്ഷരങ്ങളാൽ തങ്ങൾ നോട്ടീസുകൾ തയാറാക്കി നൽകി. അത് ഫോട്ടോസ്റ്റാറ്റ് എടുത്ത് സംഘടനകൾ ഉപയോഗിച്ചു. ഇതിനിടെ സ്വന്തമായി ഒരു സ്ഥാപനവും തുടങ്ങി. അതോടെ ജോലികൾ കൂടുതൽ കിട്ടിത്തുടങ്ങി.
എം.പി തങ്ങളുടെ കൈവിരലുകളാൽ സ്കൂൾ വാഹനങ്ങളിൽ പേരുകളും ചിത്രങ്ങളും തെളിഞ്ഞു. 80കളുടെ തുടക്കത്തിൽ മലയാളി സംഘടനകൾ സജീവമായതോടെ കലാസാംസ്കാരിക പരിപാടികളുടെ രംഗ സജ്ജീകരണങ്ങൾക്കും ബാനറുകൾക്കും ആശ്രയിച്ചിരുന്നതും തങ്ങളെയാണ്.
കുവൈത്തിലെ മലയാള പത്രപ്രവർത്തന ചരിത്രത്തിലും എം.പി തങ്ങളുടെ പേര് അടയാളപ്പെടുത്തപ്പെട്ടു. കുവൈത്ത് ടൈംസ് മലയാളത്തിൽ പേജ് പുറത്തിറക്കാൻ തീരുമാനിച്ചപ്പോൾ ആശ്രയിച്ചത് ഇദ്ദേഹത്തെയാണ്. മലയാളം വാർത്തകൾ സ്വന്തം കൈപ്പടയിൽ എം.പി തങ്ങൾ എഴുതി നൽകി. ഇത് ഫോട്ടോകോപ്പി എടുത്താണ് കുവൈത്ത് ടൈംസിനൊപ്പം വിതരണം ചെയ്തിരുന്നത്. മലയാളി സംഘടനകൾ അണിയിച്ചൊരുക്കിയ നിരവധി നാടകങ്ങളിലും സംഗീത ശിൽപങ്ങളിലും വേഷമണിഞ്ഞ എം.പി തങ്ങൾ അഭിനയ സംവിധായക രംഗത്തും കഴിവ് തെളിയിച്ചു.
കുവൈത്തിലേക്ക് ഇറാഖ് സൈന്യം കടന്നുകയറിയ 1990 ആഗസ്റ്റ് രണ്ടിന് രാവിലെ എം.പി തങ്ങൾ ഒന്നുമറിയാതെ ഷോപ്പിലേക്കു പോകുകയായിരുന്നു. അന്ന് എം.പി തങ്ങളുടെ ജന്മദിനവുമായിരുന്നു. കേക്കുമായി വരണം എന്ന് മോൾ ചട്ടം കെട്ടിയതുമാണ്. എന്നാൽ, പകൽ പെട്ടെന്ന് ഷോപ്പ് അടച്ചു തിരികെ പോരേണ്ടിവന്നു. യുദ്ധവാർത്ത പേടിപരത്തി എങ്ങും നിറഞ്ഞു.
യുദ്ധസമയത്ത് മലയാളികളിൽ മിക്കവരും നാട്ടിലേക്കു തിരിച്ചു. എന്നാൽ, ഭാര്യ ഗർഭിണിയായതിനാൽ എം.പി തങ്ങൾക്ക് ഒരിടത്തും പോകാനായില്ല. ഭക്ഷണമടക്കം കാര്യങ്ങളെല്ലാം അവതാളത്തിലായി. അതിനിടയിൽ അവർ ഒരാൺകുഞ്ഞിന് ജന്മം നൽകി. പിന്നെ താമസിച്ചില്ല, 25 ദിവസം മാത്രം പ്രായമായ കുഞ്ഞുമായി നാട്ടിലേക്കു തിരിക്കാൻ തീരുമാനിച്ചു.
ഭാര്യയും രണ്ടു മക്കൾക്കുമൊപ്പം കുവൈത്തിൽനിന്ന് ഇറാഖിലേക്ക് ബസ് പിടിച്ചു. അവിടെനിന്ന് ജോർഡനിലെ അമ്മാനിലെത്തി ക്യാമ്പിൽ രണ്ടാഴ്ചയോളം താമസിച്ചു. പിന്നീട് വിമാനം വഴി മുംബൈയിലേക്കും ട്രെയിനിൽ നാട്ടിലുമെത്തി.
10 മാസം നാട്ടിൽനിന്നു. 1991ൽ എം.പി തങ്ങൾ വീണ്ടും കുവൈത്തിലെത്തി പ്രവാസത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഭാര്യ ഫാത്തിമ റംല, മക്കളായ ജിഷാർ, ജിഹാൻ, ജിഹാദ് എന്നിവരും അവരുടെ കുടുംബവുമായി കുവൈത്തിൽ പിന്നീട് ദീർഘനാളത്തെ പ്രവാസം. 2023 മേയ് 13ന് അതിന് തിരശ്ശീലയിട്ട് എം.പി തങ്ങളും ഭാര്യയും നാട്ടിലേക്കു തിരിക്കും. 46 വർഷത്തെ കുവൈത്ത് ജീവിതത്തിന് താൽക്കാലിക വിട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.