കുവൈത്ത് സിറ്റി: കുവൈത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളുടെ എണ്ണം നാലുവർഷത്തിനിടെ 24.5 ശതമാനം വർധിച്ചതായി കണക്കുകൾ. റിയൽ എസ്റ്റേറ്റ് യൂനിയൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
രാജ്യത്ത് 2,42,499 രണ്ട് കിടപ്പുമുറി ഫ്ലാറ്റുകളാണുള്ളത്. 90,760 ഒറ്റമുറി ഫ്ലാറ്റുകളുണ്ട്. 46,420 മൂന്ന് കിടപ്പുമുറി ഫ്ലാറ്റുകളും 15,300 സ്റ്റുഡിയോ അപാർട്ട്മെൻറുകളുമുണ്ട്. നാല് കിടപ്പുമുറി അപാർട്ട്മെൻറുകളുടെ എണ്ണം 1500 മാത്രമാണ്. രണ്ട്, മൂന്ന് മുറി അപാർട്ട്മെൻറുകളിൽ 84.5 എണ്ണത്തിലും താമസക്കാരുണ്ട്.
ഒറ്റമുറി ഫ്ലാറ്റുകളിൽ 84.7 ശതമാനത്തിലും സ്റ്റുഡിയോ അപാർട്ട്മെൻറുകളിൽ 87 ശതമാനത്തിലും താമസക്കാരുണ്ട്. 2021 ഏപ്രിലിലെ കണക്കുപ്രകാരം 61,008 അപാർട്ട്മെൻറുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 2017ൽ ഇത് 48,973 ആയിരുന്നു. വിദേശികളുടെ കൊഴിഞ്ഞുപോക്കും കൂടിയ വാടകയുള്ള അപാർട്ട്മെൻറുകൾ ഒഴിവാക്കിയതുമാണ് ഒഴിവ് വർധിക്കാൻ കാരണം. നിരവധി വിദേശികൾ കുടുംബത്തെ നാട്ടിലയച്ച് ബാച്ച്ലർ മുറികളിലേക്ക് മാറി.
കോവിഡ് കാലത്ത് അപാർട്ട്മെൻറുകളുടെ വാടകയിൽ പത്തുമുതൽ 15 ശതമാനം വരെ കുറവുണ്ടായി. 2024ലെ ശരാശരി വാടക 2020ലെ നിലയിൽ ആകുമെന്നും എന്നാൽ 2019ലേതിനേക്കാൾ കുറവായിരിക്കുമെന്നുമാണ് വിലയിരുത്തൽ. സ്വദേശിവത്കരണവും ജീവിതച്ചെലവ് വർധിച്ചതും കാരണം വിദേശി കുടുംബങ്ങൾ കുറഞ്ഞു.
ജീവിതച്ചെലവ് വർധിച്ചതിനാൽ വിദേശികൾ കുടുംബങ്ങളെ നാട്ടിലേക്ക് പറഞ്ഞുവിട്ടതാണ് ഈ മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, മംഗഫ്, അബൂഹലീഫ, സാൽമിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ നിരവധിയാണ്.
താമസക്കാരെ കിട്ടാത്തതിനാൽ പലയിടത്തും വാടക കുറച്ചു. വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ മിക്ക കെട്ടിടങ്ങളുടെയും മുന്നിലുണ്ട്. ഇതിനിടയിലും പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.