കുവൈത്ത് സിറ്റി: ആഗോള സമാധാനം കൈവരിക്കുന്നതിനുള്ള യോജിച്ച ശ്രമങ്ങളുടെ ആവശ്യകത വ്യക്തമാക്കി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ആസിയാൻ ഉച്ചകോടി. വികസനവും പുരോഗതിയും കൈവരിക്കുന്നതിനും നിയമങ്ങളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര ക്രമം നിലനിർത്തുന്നതിനും രാജ്യങ്ങളും പ്രാദേശിക ബ്ലോക്കുകളും തമ്മിലുള്ള പരസ്പര ബഹുമാനവും സഹകരണവും അനിവാര്യമാണെന്ന് സൗദിയിൽ നടന്ന ഉച്ചകോടിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. പരസ്പര ബഹുമാനവും സഹകരണവും വഴി സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഭാഗഭാക്കാകാനും ആഹ്വാനം ചെയ്തു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉച്ചകോടിയിൽ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ സൗദിയിലെത്തിയ കിരീടാവകാശി ഉച്ചകോടി സമാപിച്ചതിന് പിറകെ കുവൈത്തിലേക്ക് മടങ്ങി. കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദ്, സൗദി അറേബ്യയിലെ കുവൈത്ത് അംബാസഡർ ശൈഖ് നാസർ സബാഹ് അൽ അഹ്മദ് എന്നിവർ വിമാനത്താവളത്തിൽ കിരീടാവകാശിയെയും സംഘത്തെയും യാത്രയാക്കാനെത്തി.
കുവൈത്ത് സിറ്റി: ജി.സി.സി-ആസിയാൻ ഉച്ചകോടിയിലെ ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദക്കും സൗദി രാജാവിന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നന്ദി രേഖപ്പെടുത്തി സന്ദേശം അയച്ചു. കുവൈത്തും സൗദിയും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യവും അടുത്തതും ചരിത്രപരവുമായ ബന്ധവും പ്രതിഫലിപ്പിക്കുന്നതാണ് ഉച്ചകോടിയിൽ ലഭിച്ച മികച്ച സ്വീകരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ വിജയത്തിന് കാരണമായ ക്രമീകരണങ്ങളെയും പ്രയത്നങ്ങളെയും സംഘാടനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഉച്ചകോടിയിലെ ഫലപ്രദമായ ചർച്ചകളും ക്രിയാത്മക ശിപാർശകളും ഗൾഫ്-ഏഷ്യൻ പങ്കാളിത്തത്തിന്റെ ആഴത്തിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് കിരീടാവകാശി പ്രത്യാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.