കുവൈത്ത് സിറ്റി: 45ാമത് ജി.സി.സി ഉച്ചകോടി ഇന്ന് കുവൈത്തിൽ നടക്കും. മേഖലയിലും ആഗോളതലത്തിലും വിവിധ വെല്ലുവിളികൾ വർധിക്കുകയും പ്രതിസന്ധികൾ വഷളാവുകയും ചെയ്യുന്ന നിർണായക ഘട്ടത്തിലാണ് യോഗം.
പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന അപകടങ്ങളെ നേരിടൽ, വെല്ലുവിളികൾ മറികടക്കൽ എന്നിവയിൽ ഊന്നിയാകും ചർച്ചകൾ. മേഖലയിലെ വികസനവും സുസ്ഥിരതയും ലക്ഷ്യം വെക്കുന്ന യോജിച്ച നീക്കങ്ങളുടെ ശ്രമങ്ങളും ഉച്ചകോടിയിൽ ഉണ്ടാകും.
ഇസ്രായേലിന്റെ ഫസലസ്തീൻ ആക്രമണം, ലബനാൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള കടന്നുകയറ്റവും ആക്രമണവും വിഷയമാകും. ഉച്ചകോടിക്കു മുമ്പായി ചേർന്ന മന്ത്രിതല കൗൺസിലിന്റെ 162ാമത് സെഷനിൽ ഇവയെക്കുറിച്ച് കുവൈത്ത് വിശദീകരിച്ചിരുന്നു. ഗൾഫ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകീകരണം ലക്ഷ്യമിടുന്ന പദ്ധതികളും സംയുക്ത പ്രവർത്തനം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഉച്ചകോടി മുന്നോട്ടുവെക്കുമെന്നാണ് സൂചന.
കുവൈത്ത് സിറ്റി: ഉച്ചകോടിയുടെ ഭാഗമായി അംഗ രാജ്യങ്ങളുടെ പതാകകൾ ഉയർന്നതോടെ കുവൈത്തിലെ ആകാശം വർണാഭമായി. കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളുടെ പതാകകൾ പാലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ഉയർന്നിട്ടുണ്ട്.
ഇതിനൊപ്പം ജി.സി.സിയുടെ ഔദ്യോഗിക പതാകകളുമുണ്ട്. ഗൾഫ് ഐക്യത്തിന്റെ ശക്തമായ സന്ദേശം നൽകുന്നതാണ് നിരന്നു നിൽക്കുന്ന പതാകകൾ. ഉച്ചകോടിയെ വരവേൽക്കുന്നതിനായി നിരത്തുകളിലും മാളുകളിലും പരസ്യങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ജി.സി.സി ഉച്ചകോടി നടക്കുന്നതിനാൽ ഞായറാഴ്ച പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10.30 മുതലാണ് ഗതാഗത നിയന്ത്രണം. കിങ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ്, സിക്സ്ത് റിങ് റോഡ്, കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ് എന്നിവിടങ്ങളിൽ നിയന്ത്രണമുണ്ടാകും.
ഉച്ചകോടി കണക്കിലെടുത്ത് ഇന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ ഇന്ന് പ്രവർത്തിക്കില്ല.
ഞായറാഴ്ച പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ വിമാനത്താവളത്തിൽ നേരേത്തയെത്താൻ വിമാനക്കമ്പനികൾ ആവശ്യപ്പെട്ടു. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്താനും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.