കുവൈത്ത് സിറ്റി: ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ അവതരിപ്പിക്കാൻ ജി.സി.സി ടൂറിസം മന്ത്രിമാർ നിലപാട് വ്യക്തമാക്കിയതോടെ ഇത് വൈകാതെ നിലവിൽ വരുമെന്ന് പ്രതീക്ഷ. ജി.സി.സി രാജ്യങ്ങളിൽ പൊതു ടൂറിസം വിസ നടപ്പാക്കിയാൽ ജി.സി.സി രാജ്യങ്ങൾക്ക് കൂടുതൽ ഉണർവ് കൈവരുകയും പ്രവാസികൾക്ക് അടക്കം ഗുണകരമാകുകയും ചെയ്യും.
വെള്ളിയാഴ്ച ഒമാനിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ പൊതു ടൂറിസം വിസ സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ജി.സി.സി ടൂറിസം മന്ത്രിമാർ ഏകകണ്ഠമായ കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ഉടൻ യാഥാർഥ്യമാകുമെന്നും ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം അൽ മഹ്റൂഖി വ്യക്തമാക്കി. ഇക്കാര്യത്തിൽ പൂർണ ധാരണയിലെത്തുന്നതിനും എങ്ങനെ മുന്നോട്ട് പോകാമെന്നതിനെ കുറിച്ചും ചർച്ച ചെയ്യാൻ നിരവധി തുടർനടപടികളും യോഗങ്ങളും ഉണ്ടാകുമെന്നും മഹ്റൂഖി പറഞ്ഞു. നവംബറിൽ മസ്കത്തിൽ നടക്കുന്ന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഏകീകൃത ടൂറിസം വിസക്കുള്ള നിർദേശം അവതരിപ്പിക്കും.
വിനോദസഞ്ചാര മേഖലക്ക് ഉത്തേജനമേകുക എന്ന ലക്ഷ്യത്തോടെ ഒറ്റ വിസയിൽ ആളുകൾക്ക് ഈ മേഖലക്കുള്ളിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനം ഒരുക്കാനാണ് ആലോചിക്കുന്നത്. രാജ്യങ്ങൾക്കിടയിലെ യാത്രകൾ സുഗമമാക്കുകയും പ്രാദേശിക വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്നതുമാണ് പദ്ധതി.
നിലവിൽ, ജി.സി.സിയിലെ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. അതേസമയം, പ്രവാസികൾക്ക് ജി.സി.സി അതിർത്തി കടക്കാൻ വിസ ആവശ്യമാണ്. അതേസമയം ബഹ്റൈൻ, ഒമാൻ അടക്കമുള്ള രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ ലഭ്യമാണ്.
ഒരു വിസയിൽ എല്ലാ പങ്കാളി രാജ്യങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്ന എൻട്രി സംവിധാനം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്ന് നേരത്തെ ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി വ്യക്തമാക്കിയിരുന്നു. അബൂദബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിൽ യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖും ഇതേ നിലപാട് അറിയിച്ചിരുന്നു. മറ്റു രാജ്യങ്ങളും അനുകൂല നിലപാട് സ്വീകരിച്ചതോടെ പദ്ധതി വൈകാതെ പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷ.
യൂറോപ്യൻ യൂനിയനിലെ രാജ്യങ്ങളിലേക്ക് ഒറ്റ വിസയിൽ യാത്ര ചെയ്യാവുന്ന ‘ഷെങ്കൺവിസ’ക്ക് സമാനമാകും ജി.സി.സി ടൂറിസം വിസയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.