കുവൈത്ത് സിറ്റി: നോമ്പ് പലർക്കും പല രൂപത്തിലാണ്. ആത്മസംസ്കരണം, ഇഛാനിയന്ത്രണം, മൂല്യവിചാരം, ആരോഗ്യസംരക്ഷണം, പട്ടിണിക്കാരുടെ ദുരിതമറിയല്‍ തുടങ്ങി വിശ്വാസികളും അല്ലാത്തവരും നോമ്പിനെ പലരൂപത്തിൽ കണ്ടുവരുന്നു.
ജെറാൾഡിന് പക്ഷേ, ഇതൊന്നുമല്ല നോമ്പ്. മനുഷ്യരെ ഒരുമയുടെ മാലയിൽ മുത്തുകളെപ്പോലെ കോർത്തിണക്കാനുള്ള അവസരമായി കുവൈത്തിലെ ഈ കോഴിക്കോട്ടുകാരൻ നോമ്പുകാലത്തെ കാണുന്നു. ശുദ്ധമായ മനസ്സും ശരീരവുമായി കഴിഞ്ഞുകൂടുന്ന നാളുകളേക്കാൾ മനുഷ്യഹൃദയങ്ങൾക്ക് അടുക്കാൻ മറ്റേത് അവസരമുണ്ട്!
അബ്ബാസിയയിൽ കഴിഞ്ഞ 20 വർഷമായി ജെറാൾഡ് നടത്തുന്ന നോമ്പ് തുറക്കും ഈ കഥയാണ് പറയാനുള്ളത്. വർഷങ്ങളായി നോമ്പെടുത്തും നോമ്പ് തുറപ്പിച്ചും ജെറാൾഡ് റമദാൻ മാസത്തെ ധന്യമാക്കുന്നു. പലയിടങ്ങളിൽ നിന്നായി നോമ്പുതുറക്ക് ഒരുമിച്ചുകൂടുന്ന സുഹൃത്തുക്കളും മറ്റുള്ളവരും ഹൃദയബന്ധങ്ങളെ എന്നേക്കുമായി ചേർത്തുവെക്കുന്നു. അങ്ങനെ അതൊരു സ്നേഹത്തിന്റെ മാലയായി വളരുന്നു.
രണ്ടു ദശകത്തിനിടെ ജെറാൾഡ് തീർത്ത സ്നേഹ മാലയിൽ ഇതിനകം മുത്തുകളായി ചേർന്നവർ നിരവധി. അതങ്ങനെ നീണ്ട് ലോകത്തോളം വളരണമെന്നാണ് ആഗ്രഹം.
1997ലാണ് കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ജെറാൾഡ് കുവൈത്തിൽ എത്തുന്നത്. കുവൈത്തി വീട്ടിൽ ഡ്രൈവർ ജോലിക്കായി എത്തിയ ജെറാൾഡിന് നോമ്പുകാലത്തെ രീതികൾ പ്രലോഭിപ്പിച്ചു. നോമ്പെടുക്കുന്ന മനുഷ്യരിലെ സഹിഷ്ണുതയും സ്നേഹവും കാരുണ്യവുമൊക്കെ ജെറാൾഡ് അനുഭവിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത്.
കോഴിക്കോട്ടെ ബാല്യകാലത്ത് ഇതെല്ലാം കണ്ടറിഞ്ഞിട്ടുണ്ടെങ്കിലും കുവൈത്തിലെത്തിയപ്പോഴാണ് അവ ഹൃദയത്തെ തൊട്ടത്. അങ്ങനെ ഒരുദിവസം ജെറാൾഡും നോമ്പനുഷ്ഠിച്ചുനോക്കി. ആനന്ദവും അനുഭൂതിയും നിറഞ്ഞതായിരുന്നു ആ ദിവസം. പിന്നീട് റമദാൻ മാസത്തിൽ അതൊരു ശീലമായി. ജോലിചെയ്യുന്ന വീട്ടുകാർ എല്ലാ പിന്തുണയും നൽകി.
അഞ്ചുവർഷത്തിനുശേഷം ഡ്രൈവർ ജോലിയിൽനിന്ന് അവരുടെ കമ്പനിയിലേക്ക് മാറിയപ്പോഴാണ് കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ആദ്യമായി ഇഫ്താര്‍ സംഗമം ആരംഭിച്ചത്. അവിടെ എല്ലാവരും ഒരേ മനസ്സോടെ നോമ്പെടുക്കുന്നതും നോമ്പ് തുറക്കുന്നതും ജെറാൾഡിൽ വലിയ സംതൃപ്തി സൃഷ്ടിച്ചു. പിന്നീട് റമദാനിൽ ഇഫ്താറുകൾ പതിവാക്കി മാറ്റുകയായിരുന്നു. അബ്ബാസിയയിൽ സ്വന്തമായി മൊബൈൽ ഷോപ്പ് നടത്തുന്ന ജെറാൾഡ് ഇപ്പോഴും കലര്‍പ്പില്ലാതെ അത് തുടർന്നുപോരുന്നു. കഴിഞ്ഞ ദിവസം അബ്ബാസിയയിൽ സംഘടിപ്പിച്ച ഇഫ്താറിൽ മുന്നൂറോളം പേർ പങ്കാളികളായി.
അവർക്കിടയിൽ കുടുംബനാഥനെപ്പോലെ ഓടിനടന്ന് ജെറാൾഡ് സ്നേഹം വിളമ്പി. ഇഫ്താറിന് വേണ്ട എല്ലാ ചെലവുകളും വഹിക്കുന്നത് ജെറാൾഡ് സ്വന്തമായാണ്. പല നാടുകളില്‍നിന്ന് വന്ന് പ്രവാസലോകത്ത് ഒരുമിച്ച സുഹൃത്തുക്കളാണ് ജെറാൾഡിന്റെ നന്മയുടെ പ്രവര്‍ത്തനത്തിന് താങ്ങ്. ഷിഹാബുദ്ദീൻ കോഡൂർ, അനൂബ് ബേബി ജോൺ, ജെൻസൻ കുഞ്ഞ് എന്നിവർ എല്ലാ കാര്യങ്ങൾക്കുമായി കൂടെയുണ്ട്.
പുരുഷന്മാർക്കായി പൊതു ഇടങ്ങളിൽ ഇഫ്താറൊരുക്കുമ്പോൾ, സ്ത്രീകൾക്കായി സ്വന്തം വീട്ടിലും നോമ്പുതുറ ഒരുക്കുന്നുണ്ട്. ഭാര്യ സൗമ്യ ജെറാൾഡാണ് ഇതിന് ശ്രദ്ധ നൽകുന്നത്. മക്കളായ മാർവൽ ജെറാൾഡ്, മരിയൽ ജെറാൾഡ്, മെറിൽ ജെറാൾഡ് എന്നിവർ പുണ്യപ്രവർത്തിക്ക് കൂട്ടായുണ്ട്. ഇഫ്താർ മാത്രമല്ല, ഓണവും വിഷുവും ക്രിസ്മസും മറ്റു ആഘോഷങ്ങളുമെല്ലാം ജെറാൾഡ് സുഹൃത്തുക്കൾക്കൊപ്പമാണ് കൊണ്ടാടുന്നത്.
പലകാരണങ്ങളാൽ ജനങ്ങൾ ഭിന്നചേരികളിൽ നിലകൊള്ളുകയും അകന്നകന്ന് പോകുകയും ചെയ്യുന്ന കാലത്ത് ഒരേ മനസ്സോടെയുള്ള ചേർന്നിരിക്കൽ അനിവാര്യമാണെന്ന് ജെറാൾഡ് പറയുന്നു. ജാതി-മത രാഷ്ട്രീയ സ്ഥലകാല വേര്‍തിരിവില്ലാത്ത സ്നേഹവിരുന്നില്‍ ജെറാൾഡ് വരച്ചിടുന്നതും അതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.