കുവൈത്ത് സിറ്റി: രാജ്യത്ത് സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ സായാഹ്ന സേവനങ്ങൾക്ക് വഴിയൊരുങ്ങുന്നു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശത്തിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. സിവിൽ സർവിസ് കമീഷൻ മേധാവി ഡോ. ഇസ്സാം അൽ റുബായാൻ പൊതുമേഖലയിലെ സായാഹ്ന ജോലിയെക്കുറിച്ചുള്ള നിർദേശങ്ങൾ മന്ത്രിസഭക്ക് മുമ്പാകെ വ്യക്തമാക്കി.
സായാഹ്ന സേവനങ്ങൾ ആരംഭിക്കുന്നതോടെ സർക്കാർ സംവിധാനങ്ങൾ സൗകര്യപ്രദമായ സമയങ്ങളിൽ ഉപയോഗപ്പെടുത്താനും സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ആകുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും ഇത് സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ബയാൻ പാലസിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിൽ ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ തടയൽ, ഗൾഫ് കപ്പ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ, ശൈത്യകാലത്തിനു മുന്നോടിയായുള്ള റോഡുകളുടെ നവീകരണം എന്നിവയും യോഗത്തിൽ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.