കുവൈത്ത് സിറ്റി: രാജ്യത്ത് പൂർണ ഡിജിറ്റലൈസേഷൻ വൈകാതെ നിലവിൽ വരും. ഇതിന്റെ ആദ്യപടിയായി സര്‍ക്കാര്‍ സേവനങ്ങൾ ഡിജിറ്റലാക്കും. നാല് വർഷത്തിനുള്ളിൽ സര്‍ക്കാര്‍ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് മന്ത്രിതല സമിതി രൂപം നൽകിയതായി അധികൃതര്‍ അറിയിച്ചു.
പദ്ധതിക്ക് വേഗം കൂട്ടുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് ഡേറ്റാ സെന്ററുകൾ കൂടി നിർമിക്കും. നിലവിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതോടെ രാജ്യത്തെ 110ലധികം സർക്കാർ ഏജൻസികളുടെ സേവനങ്ങള്‍ ഡിജിറ്റലാകും. സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജിയുടെ മേല്‍നോട്ടത്തില്‍ മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി സൊല്യൂഷനുകൾ തുടങ്ങിയ മേഖലകളില്‍ ദേശീയ പരിശീലനപരിപാടി ആരംഭിക്കും.
പദ്ധതിയുമായി ക്ലൗഡ് ടെക്നോളജി രംഗത്തെ പ്രമുഖ മള്‍ട്ടി നാഷനല്‍ കമ്പനി സഹകരിക്കും. ഇതോടെ സർക്കാർ ഏജൻസികൾക്കും പ്രധാന റെഗുലേറ്റർമാർക്കും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ ഡിജിറ്റൽ ബിസിനസ് ടാസ്ക്കുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഡേറ്റ സുരക്ഷിതമായി സംഭരിക്കുന്നതിനുമായി ക്ലൗഡ് ഏരിയ വിപുലീകരിക്കും.
കുവൈത്ത് വിഷൻ 2035ന്റെ ഭാഗമായാണ് ഐ.ടി മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികള്‍ നടപ്പാക്കുന്നത്. എണ്ണ വരുമാനത്തെ മുഖ്യമായി ആശ്രയിച്ചു നിൽക്കുന്ന നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടാക്കുന്നതോടൊപ്പം മേഖലയിലെ ബിസിനസ് ഹബ് ആയി രാജ്യത്തെ മാറ്റിയെടുക്കുകയുമാണ് വിഷൻ 2035ന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.