കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സർവതോമുഖ വികസനം ലക്ഷ്യമിട്ട് 107 പ്രധാന പ്രോജക്ടുകൾ ഉൾപ്പെടുത്തി നാലു വർഷത്തെ കർമപദ്ധതി സർക്കാർ ദേശീയ അസംബ്ലിക്ക് സമർപ്പിച്ചു. സാമ്പത്തിക, സാമൂഹിക, വിനോദ, മാനവവിഭവശേഷി മേഖലകളെ ഉൾക്കൊള്ളുന്ന കർമപദ്ധതി കുവൈത്തിനെ ഒരു നിക്ഷേപാധിഷ്ഠിത സാമ്പത്തികകേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന് മുൻതൂക്കം നൽകുന്നു.
പ്രോജക്ടിൽ സാമ്പത്തിക സ്ഥിരത, ധനവിനിയോഗ കർമപദ്ധതി, തൊഴിൽനിർമാണം, സുസ്ഥിര ക്ഷേമം, ശക്തമായ മനുഷ്യശേഷി എന്നിവയാണ് പ്രധാനമായ കാര്യങ്ങൾ. സ്പീക്കർ അഹ്മദ് അൽ സദൂൻ ചൊവ്വാഴ്ച ഇതിൽ പ്രത്യേക ചർച്ചക്ക് എം.പിമാരെ ക്ഷണിച്ചു.
ഗൾഫ് റെയിൽവേ പദ്ധതിയുടെ ഭാഗമായി കുവൈത്തിൽ നിരവധി മെഗാ പ്രോജക്ടുകൾ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. വിമാനത്താവള വികസനം, മൂന്നു പുതിയ റൺവേകൾ നിർമിച്ച് കുവൈത്തിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങളുടെ എണ്ണം 2,40,000ത്തിൽനിന്ന് 6,50,000 ആയി ഉയർത്തും.
വിദേശികൾക്കായുള്ള രാജ്യത്തെ താമസനിയമം പരിഷ്കരിക്കുമെന്നും പ്രവാസികളുടെ എണ്ണം കുറക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി നടപടികൾ കൈക്കൊള്ളുമെന്നും സർക്കാർ വ്യക്തമാക്കി. മഴയിൽ തകർന്ന റോഡുകൾ പുനർനിർമിക്കുമെന്നും സർക്കാർ സഭയിൽ പ്രഖ്യാപിച്ചു.
വിവിധ ഗവർണറേറ്റുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള മൂന്നു സ്പോർട്സ് സ്റ്റേഡിയങ്ങളുടെ നിർമാണം, വിവിധ ഗവർണറേറ്റുകളിൽ മൂന്നു മൾട്ടി പർപ്പസ് ജിം കോംപ്ലക്സുകളുടെ ഉദ്ഘാടനം എന്നിവയും മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.