കുവൈത്ത്സിറ്റി: പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്യും.
ഇതിനായി അസംബ്ലി തിങ്കളാഴ്ച പ്രത്യേക സമ്മേളനം ചേരും. ഡെപ്യൂട്ടി അമീറായി നിയമിതനായ പ്രധാനമന്ത്രി ഈ നിലയിലും സത്യപ്രതിജ്ഞ ചെയ്യും. ഈ മാസം നാലിനാണ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സലിം അസ്സബാഹിനെ നിയമിച്ചത്. 17ന് പ്രധാനമന്ത്രി പുതിയ മന്ത്രിസഭ രൂപവത്കരിക്കുകയും അമീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഭരണഘടന പ്രകാരം മന്ത്രിസഭ അംഗങ്ങൾ ദേശീയ അസംബ്ലിയിലും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
ഇതിനിടെ, പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന് ഡെപ്യൂട്ടി അമീറിന്റെ ചുമതലയും അമീർ നൽകി.
പുതിയ കിരീടാവകാശിയെ നാമകരണം ചെയ്യുന്നതുവരെ അമീർ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ പ്രധാനമന്ത്രിക്കായിരിക്കും ചുമതല.
പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് അമീറിനു വേണ്ടി പ്രവർത്തിക്കുന്ന സമയത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് പ്രധാനമന്ത്രിയുടെ ചുമതല നിർവഹിക്കും.
ഞായറാഴ്ച ഷെരീദ അബ്ദുല്ല അൽ മൗഷർജിയെ ഉപപ്രധാനമന്ത്രിയായും കാബിനറ്റ് കാര്യ സഹമന്ത്രിയായും നിയമിച്ചുകൊണ്ടുള്ള ഉത്തരവിലും അമീർ ഒപ്പുവെച്ചു.
ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സർക്കാറിന് ഭരണഘടനാ പ്രകാരമുള്ള പൂർണ അധികാരം കൈവരും.
ഡിസംബർ 20ന് മുൻ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജി സമർപ്പിച്ചതാണ് പുതിയ സർക്കാർ രൂപവത്കരണത്തിന് സാഹചര്യം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.