ദോഹ: സീസണിലെ ആദ്യ മഴ സുലഭമായി പെയ്തൊഴിഞ്ഞതിനു പിന്നാലെ, നാടിന്റെ പച്ചപ്പും പ്രകൃതിയും പുൽമേടുകളും സംരക്ഷിക്കണമെന്ന് ഓർമപ്പെടുത്തി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പുൽമേടുകളിലും ഹരിത പ്രദേശങ്ങളിലും സന്ദർശനം നടത്തുന്നവർ നിയുക്ത വഴികൾ മാത്രം ഉപയോഗപ്പെടുത്തി പ്രകൃതി സംരക്ഷണം ഉറപ്പാക്കണമെന്ന് മന്ത്രാലയം സഞ്ചാരികളോട് ആവശ്യപ്പെട്ടു.
പുൽമേടുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കരുത്. എല്ലാ വർഷവും ഈ സീസണിൽ ചെടികളും ഔഷധസസ്യങ്ങളും തഴച്ചുവളരാൻ തുടങ്ങുന്നതിനാൽ പുറത്തിറങ്ങുന്നവർ പുൽമേടുകളുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വാഹനങ്ങളുമായി പ്രവേശിക്കരുതെന്ന് ആവശ്യപ്പെടുകയാണെന്ന് പരിസ്ഥിതി മന്ത്രി ശൈഖ് ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി അറിയിച്ചു.
‘‘പ്രാദേശിക പരിസ്ഥിതി നമ്മുടെ പൈതൃകമാണ്. ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ നമുക്ക് അതിനെ സംരക്ഷിക്കാനും അതിന്റെ വളർച്ചക്ക് സംഭാവന നൽകാനും കഴിയും’’ -എക്സ് പ്ലാറ്റ്ഫോമിൽ മന്ത്രി രേഖപ്പെടുത്തി.
വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനും പുൽമേടുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാനും മന്ത്രാലയം നിർദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും പാർക്കുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും സന്ദർശകർക്ക് ഉപദേശവും മാർഗനിർദേശവും നൽകുന്നതിനും മന്ത്രാലയം പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
പ്രാദേശിക പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുകയാണ്. മഴക്കാലത്ത് പുൽമേടുകളിൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടും. 1995ലെ 32ാം നമ്പർ നിയമപ്രകാരം സസ്യങ്ങളെയും മരങ്ങളെയും നശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നതോടൊപ്പം തോട്ടം മേഖലകളിൽ വാഹനങ്ങളുമായി അനധികൃതമായി പ്രവേശിക്കുന്നതും വിലക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.