കുവൈത്ത് സിറ്റി: ഹജ്ജിന്റെ കുറ്റമറ്റതും വിജയകരവുമായ സംഘാടനത്തിൽ സൽമാൻ രാജാവിന് കുവൈത്തിന്റെ പ്രശംസ. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ സൽമാൻ രാജാവിന് അഭിനന്ദന സന്ദേശം അയച്ചു. ഹജ്ജിന്റെ വിജയകരമായ പൂർത്തീകരണത്തിൽ ദൈവിക സംരക്ഷണത്തിനൊപ്പം, സൽമാൻ രാജാവിന്റെയും സർക്കാറിന്റെയും ജ്ഞാനപൂർവകമായ പരിചരണം സഹായകമായതായി അമീർ ചൂണ്ടിക്കാട്ടി. സൗദിയിലെ എല്ലാ സർക്കാർ ഏജൻസികളുടെയും മേഖലകളുടെയും സമർപ്പിതവും ഉത്സാഹത്തോടെയുമുള്ള പ്രയത്നങ്ങൾ വിജയത്തിന് കാരണമായി. മക്കയിലെ തുടർച്ചയായ വിപുലീകരണങ്ങളും തീർഥാടകരുടെ സൗകര്യത്തിനായി പുണ്യസ്ഥലങ്ങളിൽ ഉടനീളം ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയതും അമീർ സൂചിപ്പിച്ചു.
പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും ഹജ്ജ് പദ്ധതികൾ നടപ്പാക്കുന്നതിലും ഖാലിദ് അൽ ഫൈസൽ രാജകുമാരൻ, മക്ക മേഖലയുടെ ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അൽ സഊദ് രാജകുമാരൻ എന്നിവരുടെ ഇടപെടലുകളെ അമീർ പ്രശംസിച്ചു. സൗദി അറേബ്യയുടെ എല്ലാ നന്മകൾക്കും ദൈവം പ്രതിഫലം നൽകട്ടെയെന്നും സൽമാൻ രാജാവിന്റെ കീഴിൽ സൗദി അറേബ്യക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നൽകാനും അമീർ പ്രാർഥിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ഹജ്ജിന്റെ വിജയകരമായ സംഘാടനത്തിൽ സൽമാൻ രാജാവിനെയും സൗദി ഭരണനേതൃത്വത്തെയും അഭിനന്ദിച്ച് സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.