വെറും ചുട്ടുപൊള്ളുന്ന മരുഭൂമി മാത്രമല്ല കുവൈത്ത്. ഋതുഭേദങ്ങളുടെ ആവർത്തനങ്ങളിൽ രാജ്യം പല കാലാവസ്ഥകളിലൂടെ കടന്നുപോകുന്നു. പല കാഴ്ചകൾക്കും സാക്ഷിയാകുന്നു. കുവൈത്തിലെ ശരത്കാലം അത്തരം കാഴ്ചകളുടെ വസന്തകാലമാണ്. രാജ്യത്ത് വൻതോതിൽ ദേശാടനപ്പക്ഷികൾ എത്തുന്ന സമയം. തണ്ണീർത്തടങ്ങളിലും കടലോരത്തും അവ പറന്നിറങ്ങും. ചില്ലകളിൽ കൂടുകൂട്ടും. ആകാശത്ത് ചിറകു വിരിക്കും. അങ്ങനെ കാഴ്ചകളുടെ വർണത്തൂവലുകൾ വിടർത്തി ദിവസങ്ങൾ കുവൈത്തിൽ തുടരും. ഒടുവിൽ മറ്റൊരു ദേശത്തേക്ക് പറന്നുപോകും. ഇതിനൊപ്പം കുവൈത്തിന്റെ മാത്രം പക്ഷിവർഗങ്ങളുമുണ്ട്. മരുഭൂമിയിലെ ചൂടും തണുപ്പും ഒരുപോലെ മറികടന്ന് അത്ഭുതപ്പെടുത്തുന്നവ. പല രൂപങ്ങളിൽ, കാഴ്ചകളിൽ, സ്വഭാവങ്ങളിൽ തുടരുന്നവ. മലയാളിയും പക്ഷിനിരീക്ഷകനുമായ ഇർവിൻ ജോസ് നെല്ലിക്കുന്നേൽ അവ പരിചയപ്പെടുത്തുന്നു. ‘കുവൈത്തിലെ തൂവൽ കുപ്പായക്കാർ’ എന്ന കോളത്തിലൂടെ.
അറേബ്യൻ മരുഭൂമി മുറിച്ചുകടന്ന് ദേശാടനം നടത്തുന്ന വലിയ ഇനം പരുന്താണ് കായൽ പരുന്ത് അഥവാ സ്റ്റെപ് ഈഗിൾ. ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) കണക്കുപ്രകാരം വംശനാശ ഭീഷണി നേരിടുന്ന പരുന്താണ് ഇവ. കഴിഞ്ഞ 25 വർഷത്തിനിടെ ഇവയുടെ എണ്ണത്തിൽ 58 ശതമാനം ഇടിവാണ് വന്നത്. അവസാനത്തെ കണക്ക് പ്രകാരം അമ്പതിനായിരത്തിനും എൺപതിനായിരത്തിനും ഇടയിൽ ജോഡികളേ ഭൂമിയിൽ അവശേഷിക്കുന്നുള്ളു. കുവൈത്തിലൂടെ ദേശാടനം നടത്തുന്ന പരുന്തുകളിൽ പ്രമുഖനാണ് കായൽ പരുന്തുകൾ. കൂട്ടങ്ങളായാണ് ഇവ പൊതുവെ യാത്രചെയ്യാറ്. കുവൈത്തിൽ നൂറുകണക്കിന് എണ്ണം വരെയുള്ള കൂട്ടങ്ങളെ മുൻകാലങ്ങളിൽ കണ്ടിരുന്നു. പൊതുവെ ആഫ്രിക്കയിലേക്കാണ് കായൽ പരുന്തുകൾ അടക്കമുള്ള ഇരപിടിയൻ പക്ഷികൾ ദേശാടനം നടത്താറ്. എന്നാൽ, കഴിഞ്ഞ ഒരു ദശാബ്ദമായി കുറേയേറെ കായൽ പരുന്തുകൾ അറേബ്യൻ ഭൂപ്രദേശത്ത് ദേശാടന കാലം ചെലവഴിച്ച് തിരിച്ചുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആണും പെണ്ണും പൊതുവെ തവിട്ടു നിറത്തിലുള്ള തൂവൽ കുപ്പായത്തിലാണ് കാണുന്നത്. വിരളമായി വിളറിയ വെള്ള നിറത്തിലുള്ള കായൽ പരുന്തുകളെ കാണാറുണ്ട്. ഇവ ഫുൽവേസിൻസ് മോർഫ് എന്നാണ് അറിയപ്പെടുന്നത്. രണ്ടു മുതൽ നാലു കിലോ വരെ ഭാരം വരുന്ന വലിയ പക്ഷികളായ ഇവക്ക് തറയിൽ ഇരിക്കുമ്പോൾ മൂന്നുനാലടി ഓടിയ ശേഷം മാത്രമേ പറന്നു പൊങ്ങാൻ കഴിയാറുള്ളൂ. നടന്ന് ഇരതേടാൻ ഇഷ്ടപ്പെടുന്ന ചുരുക്കം പരുന്തുകളിലൊന്നാണിവ.
യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന സ്റ്റെപ് എന്ന പേരിൽ അറിയപ്പെടുന്ന പുൽമേടുകൾ ആണ് കായൽ പരുന്തിന്റെ ആവാസവ്യവസ്ഥ. സ്റ്റെപ് പ്രദേശങ്ങളിൽ പുല്ലും കുറ്റിച്ചെടികളും ഒഴിച്ചാൽ മറ്റു സസ്യജാലങ്ങൾ ഒന്നും ഇല്ല. പ്രത്യേകിച്ച് മരങ്ങൾ ഇല്ലാത്ത ആവാസവ്യവസ്ഥയാണ് ഇത്. അത് കൊണ്ടുതന്നെ കായൽ പരുന്തുകൾ കൂട് കൂട്ടുന്നത് പാറക്കൂട്ടങ്ങളിലോ കുറ്റിച്ചെടികളിലോ അല്ലെങ്കിൽ ചെറുതായി ഉയർന്ന കുന്നുകളിലോ ആണ്. ഇവ മരങ്ങളിൽ കൂട് കൂട്ടുന്നത് അപൂർവമായി മാത്രമേ കാണാറുള്ളു. കുറ്റിച്ചെടിയുടെ ചില്ലകൾ ഉപയോഗിച്ച് ഇവ ഒരു മീറ്റർ മുതൽ രണ്ടര മീറ്റർ വരെ വ്യാസമുള്ള വമ്പൻ കൂടുകൾ ആണ് നിർമിക്കുന്നത്.
പല പുൽമേടുകളും കൃഷിയിടങ്ങളായി മാറിയതും കാലാവസ്ഥ വ്യതിയാനം നിമിത്തം വ്യപകമാകുന്ന കാട്ടുതീയും കായൽ പരുന്തുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. Aquila nipalensis എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം.
കുവൈത്തിൽ വസന്തകാലത്തും ശരത്കാലത്തും ദേശാടനപാത കടന്നുപോകുന്ന ജഹ്റ, വഫ്ര എന്നിവിടങ്ങളിലെ വിജനമായ മരുഭൂമികളിൽ ഇവയെ കാണാം. എന്നാൽ, ചുരുക്കം ചില കായൽ പരുന്തുകൾ കുവൈത്തിൽ ശരത്കാലത്തിന്റെ തുടക്കം മുതൽ വസന്തകാലം വേറെ തങ്ങാറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.