റമദാൻ നല്ല ശീലങ്ങളുടെ വസന്തകാലമാണ്. ദുശ്ശീലങ്ങൾ മാറ്റാനും ശരീരത്തിനും മനസ്സിനും ആരോഗ്യകരമായ ശീലങ്ങൾ നടപ്പാക്കാനും നോമ്പ് സഹായിക്കും. ഭക്ഷണകാര്യത്തിലെ നിയന്ത്രണവും ശ്രദ്ധയും മുഴുവൻ കാലത്തേക്കുള്ള മുതൽകൂട്ടാകുകയും ചെയ്യും.
എന്തും ഏതും ഭക്ഷിക്കുക എന്ന രീതി പാടില്ല. ഈത്തപ്പഴവും വെള്ളവും പഴവർഗങ്ങളും നോമ്പുതുറ വേളയിൽ മുഖ്യം. എളുപ്പം ദഹിക്കാനും മികച്ച ധാതുലവണങ്ങൾ നൽകി ശരീരത്തെ ഉത്തേജിപ്പിക്കാനും ഇവക്ക് കഴിയും.
തറാവീഹ് നമസ്കാരത്തിനുമുമ്പുതന്നെ പോഷകസമൃദ്ധവും സന്തുലിതവുമായ ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. ധാന്യങ്ങൾ, പയർ വർഗങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവക്ക് ഭക്ഷണത്തിൽ ഊന്നൽ നൽകുക. നോമ്പുകാലത്തെ ജീരകകഞ്ഞി ആരോഗ്യത്തിന് അത്യുത്തമം.
നോമ്പെടുക്കുന്നവർ അത്താഴം ഒരുനിലക്കും മുടക്കരുത്. പകൽ മുഴുവൻ നേരത്തേക്കുമുള്ള ഊർജം ലഭിക്കേണ്ടത് ഇതിലൂടെയാണ്. ബാർലി, ഓട്ട്സ്, ഗോതമ്പ്, റാഗി, തവിട് കളയാത്ത ധാന്യങ്ങൾ, അവൽ എന്നിവ ഗുണകരം. കൂടുതൽ നാരുകൾ അടങ്ങിയതിനാൽ ശരീരത്തിൽ കെട്ടിക്കിടക്കുന്ന വിഷാംശങ്ങളെ അകറ്റാൻ ഇതിലൂടെ കഴിയും.
എണ്ണയിൽ പൊരിച്ച വിഭവങ്ങൾ പരമാവധി ഉപേക്ഷിക്കുക, പഞ്ചസാര, മൈദ എന്നിവയുടെ ഉപയോഗം നിജപ്പെടുത്തുക, കഫീൻ ഉൾപ്പെടുന്ന ചായ, കാപ്പി എന്നിവ ശരീരത്തിലെ ജലാംശം കുറക്കുമെന്നതിനാൽ നിയന്ത്രണം വേണം.
ഗൾഫിലെ വേനൽകാലം മുൻനിർത്തി രാത്രികാലങ്ങളിൽ വെള്ളം പരമാവധി കുടിക്കാൻ മറക്കരുത്. ചുരുങ്ങിയത് മൂന്നു ലിറ്റർ എങ്കിലും കുടിക്കണം. പകൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ ജാഗ്രത പുലർത്തണം. ഇഫ്താറിനുശേഷം കുറച്ച് സമയം നടക്കുകയോ സാധ്യമായ വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് നന്നാകും.
റമദാനിലെ ജീവിതക്രമ മാറ്റങ്ങളും അനുഷ്ഠാനങ്ങളും മുൻനിർത്തി ശരിയായ ഉറക്കം ഉറപ്പാക്കാൻ കഴിയണം. ചുരുങ്ങിയത് ആറുമണിക്കൂർ നേരമെങ്കിലും ഉറക്കം നിർബന്ധം. അനാവശ്യ കാര്യങ്ങൾക്കായി രാത്രിസമയം ചെലവിടുന്നത് വർജിച്ചാൽ തന്നെ ഇത് എളുപ്പം നടന്നേക്കും.
ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യില്ലെങ്കിൽ ഗർഭിണികൾക്ക് നോമ്പെടുക്കാം. ഡോക്ടറുടെ നിർദേശം തേടി വേണം വ്രതാനുഷ്ഠാനം. താൽപര്യപൂർവം നോമ്പെടുക്കുന്ന കുഞ്ഞുങ്ങൾ ധാരാളം. നോമ്പെടുക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് നിർജലീകരണം ഉണ്ടാകുന്നില്ല എന്ന് രക്ഷിതാക്കൾ വേണം ഉറപ്പാക്കാൻ.
യാത്രക്കാർക്ക് നോമ്പെടുക്കുന്നതിൽ ഇളവുണ്ട്. തങ്ങളുടെ ആരോഗ്യാവസ്ഥയും സാഹചര്യവും മുൻനിർത്തി എന്തുവേണമെന്ന് ഓരോരുത്തർക്കും തീരുമാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.