കുവൈത്ത് സിറ്റി: ശ്രവണപ്രശ്നങ്ങൾ നിസ്സാരമായി തള്ളിക്കളയരുതെന്നും ഇതിൽനിന്ന് മോചനം നേടാൻ ചികിത്സയും സൗകര്യങ്ങളും വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ആരോഗ്യവിദഗ്ധർ. ശ്രവണ പ്രശ്നങ്ങൾ ബാധിക്കുന്നതിൽനിന്ന് ആളുകളെ രക്ഷിക്കേണ്ടതിന്റെ ആവശ്യകത വലുതാണെന്ന് ആരോഗ്യ മന്ത്രാലയം, വിദേശ ആരോഗ്യസേവന കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. യാക്കൂബ് അൽ തമർ പറഞ്ഞു. ലോക ശ്രവണദിനത്തിൽ ശൈഖ് സലീം അൽ അലി അസ്സബാഹ് സെന്റർ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ് തെറപ്പിയിൽ നടന്ന ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേൾവി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധവും അറിവും വർധിപ്പിക്കുകയാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് അൽ തമർ ഉണർത്തി.
പ്രതിരോധത്തിന്റെയും തെറപ്പിയുടെയും അവസരവും ഇവ ഒരുക്കുന്നു. ലോകമെമ്പാടുമുള്ള കേൾവിക്കുറവ് നേരിടുന്നവരുടെ എണ്ണം 250 കോടിയിലെത്തിയെന്ന ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) റിപ്പോർട്ട് അദ്ദേഹം പരാമർശിച്ചു. ശ്രവണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രതിരോധമാർഗ ഒരുക്കേണ്ടതുണ്ടെന്നും ഡോ. യാക്കൂബ് അൽ തമർ പറഞ്ഞു.അഹ്മദി, ജഹ്റ, ജാബിർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾക്കു പുറമേ, പ്രതിമാസം 1500 രോഗികൾ ശ്രവണപ്രശ്നം പരിഹരിക്കാൻ എത്തുന്നുണ്ടെന്ന് കേന്ദ്രത്തിലെ കേൾവി, സംസാര വിഭാഗം മേധാവി ഡോ. മറിയം അൽ കന്ദരി പറഞ്ഞു. കേൾവിക്കുറവ് എല്ലാ ആളുകളെയും പ്രതികൂലമായി ബാധിക്കുകയും അവരെ കടുത്ത വിഷാദാവസ്ഥയിലാക്കുകയും ചെയ്യുമെന്നും ഇത് മറ്റു ചില രോഗങ്ങൾക്കു കാരണമാകുമെന്നും അവർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.