കുവൈത്ത് സിറ്റി: ജി.സി.സി ഉച്ചകോടിക്കിടെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. കുവൈത്ത് അമീറിന്റെ ആശംസകൾ കിരീടാവകാശി ഷി ജിൻപിങ്ങിനെ അറിയിച്ചു. കുവൈത്തും ചൈനയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം ഇരുവരും പങ്കുവെച്ചു. എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കാനും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളുടെയും ക്ഷേമത്തിന് മുൻഗണന നൽകാനും ഇരുവരും തീരുമാനമെടുത്തു.
ജി.സി.സി-ചൈന, അറബ്-ചൈന ഉച്ചകോടികളുടെ അജണ്ടകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും അവലോകനം ചെയ്തു. കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുമായ അബ്ദുൽ വഹാബ് അൽ റുഷൈദ്, വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കിരീടാവകാശിയുടെ ചീഫ് ഓഫ് സ്റ്റാഫ് ദിവാൻ ജമാൽ അൽ തിയാബ്, വിദേശകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി, കിരീടാവകാശിയുടെ ദിവാൻ മാസിൻ അൽ ഇസ, ചൈനയിലെ അംബാസഡർ സദെഖ് മറാഫി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ലബനാൻ പ്രധാനമന്ത്രി നജീബ് മിക്കാതിയുമായും കിരീടാവകാശി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത പ്രവർത്തനങ്ങളും വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.