കുവൈത്ത് സിറ്റി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ, പ്രതിനിധി സംഘം എന്നിവരുടെ മരണത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കുവൈത്തിലെ ഇറാൻ എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ഇറാനിയൻ ജനതയോടും ആത്മാർഥമായ ദുഃഖവും അഗാധമായ സഹതാപവും രേഖപ്പെടുത്തുന്നതായി എംബസിയുടെ അനുശോചന പുസ്തകത്തിൽ അബ്ദുല്ല അൽ യഹ്യ കുറിച്ചു.
ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടത്. ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ഇറാൻ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറിന് അനുശോചന സന്ദേശം അയച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്കും ഇറാൻ ജനതക്കും അമീറും പ്രധാനമന്ത്രിയും ക്ഷമയും ആശ്വാസവും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.