കുവൈത്ത് സിറ്റി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈത്ത് അനുശോചിച്ചു. സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാദിയുമായിരുന്ന അദ്ദേഹം യു.ഡി.എഫിന്റെ ഘടകകഷിയായ മുസ്ലിം ലീഗിനെ ഒറ്റക്കെട്ടായി മുന്നോട്ടുനയിച്ച നേതാവായിരുന്നുവെന്ന് ഒ.ഐ.സി.സി കുവൈത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ജനത കൾചറൽ സെൻറർ കുവൈത്ത് കമ്മിറ്റി അനുശോചിച്ചു. കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളിൽ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ഭാരവാഹികൾ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് സിറ്റി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വിശാലമായ സ്നേഹവും കാരുണ്യവും തങ്ങളുടെ മുഖമുദ്രയാണ്. എല്ലാവിഭാഗത്തിനും ഒരുപോലെ സ്വീകാര്യനായിരുന്നു അദ്ദേഹം. ഹൈദരലി തങ്ങളുടെ വിയോഗം പ്രവാസിസമൂഹത്തിന് തീരാനഷ്ടമാണെന്നും കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: പൊതുസ്വീകാര്യതയുള്ള നേതാവും രാഷ്ട്രീയ സാമൂഹികഭൂമികയിലെ സൗമ്യസാന്നിധ്യവുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളീയസമൂഹത്തിന് വലിയ നഷ്ടമാണെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് എം.ഡി ഇബ്രാഹീംകുട്ടി പറഞ്ഞു. പൊതുസമൂഹത്തിൽ ഉന്നത നേതാവായിരുന്നപ്പോഴും വ്യക്തിതലത്തിൽ സ്നേഹവാത്സല്യവും കരുതലും പുലർത്തിയിരുന്ന മുതിർന്ന സഹോദരനായിരുന്നു അദ്ദേഹം. നിരവധി മഹല്ലുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരൻ എന്നനിലയിൽ ഭാവിസമൂഹത്തെ കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങളിലും തങ്ങൾ ശ്രദ്ധാലുവായിരുന്നുവെന്ന് ഇബ്രാഹീംകുട്ടി കൂട്ടിച്ചേർത്തു.
കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ അനുശോചിച്ചു. സാമുദായിക രാഷ്ട്രീയ നേതൃത്വത്തിന്റെ അമരത്തിരുന്ന് രാജ്യത്തിന്റെ മതേതരമുഖമാകാൻ അദ്ദേഹത്തിനു സാധിച്ചു.
രാഷ്ട്രീയമായും മതപരമായും അദ്ദേഹം ഒരു ജനവിഭാഗത്തെ നയിച്ചു. മതേതര കേരളത്തിന് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.