പുണ്യമാസത്തിലെ വ്രതാനുഷ്ഠാനം വിശ്വാസികളിൽ ചിട്ടയായ ജീവിതക്രമം, ആത്മനിയന്ത്രണം എന്നിവ ഊട്ടിയുറപ്പിക്കാൻ പഠിപ്പിക്കുന്നു. എന്നാൽ, നോമ്പുകാലം ആത്മീയത മാത്രമല്ല, ആരോഗ്യകരമായ ഒട്ടേറെ കാര്യങ്ങളും സമ്മാനിക്കുന്ന കാലമാണ്. നോമ്പുകാലത്തെ ചിട്ടവട്ടങ്ങളിൽ ചില സൂക്ഷമതകൾ വരുത്തിയാൽ ശാരീരികമായി വലിയ ഗുണങ്ങൾ ഉണ്ടാക്കാം. നോമ്പ് ആരോഗ്യകരമാക്കണമെങ്കിൽ നോമ്പ് തുറക്കുന്ന സമയത്തെയും ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കണം.
ഇതിനുള്ള പ്രധാന കാര്യം നോമ്പുകാലത്ത് കഴിക്കുന്ന ഭക്ഷണ പദാർഥങ്ങൾ പോഷകസമൃദ്ധമായിരിക്കണം എന്നുള്ളതാണ്. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസ്യമടങ്ങിയ മത്സ്യം, പയർവർഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
സമീകൃതാഹാരം കഴിക്കുന്നത് ശരീരത്തിന്റെ ഊർജം നിലനിർത്താനും പകൽസമയങ്ങളിൽ വിശപ്പിനെ അതിജീവിക്കാനും നോമ്പ് തുറന്നുകഴിഞ്ഞാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
അത്താഴം ഒരു കാരണവശാലും ഒഴിവാക്കരുത്. അതേസമയം, കട്ടിയുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ആഹാരങ്ങളും എണ്ണപ്പലഹാരങ്ങളും ഒഴിവാക്കാം. പുളിയുള്ളതും എരിവും കൂടുതൽ മസാല കലർന്നതുമായ ഭക്ഷണങ്ങളും വേണ്ട. ഇവ അസിഡിറ്റിക്ക് കാരണമാകാം.
ഈത്തപ്പഴം, വെള്ളം എന്നിവ ഉപയോഗിച്ച് നോമ്പു തുറക്കാം. നോമ്പ് തുറന്നയുടൻ വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ജ്യൂസുകൾ, ഫ്രൂട്സ്, ഓട്സ്, തരിക്കഞ്ഞി എന്നിവ കഴിക്കാം. ചായയും കാപ്പിയും കൂടുതൽ കഴിക്കുന്നതും കൊഴുപ്പ് കൂടിയവയും ഒഴിവാക്കാം. കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ ദഹനപ്രശ്നങ്ങൾക്കും ശരീരഭാരം കൂട്ടാനും ഇടയാക്കും.
വെള്ളം കൂടുതൽ കുടിക്കുക. ഇത് നിർജലീകരണത്തെ ചെറുക്കും. ചിക്കൻ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങൾ എന്നിവ പ്രോട്ടീൻ നൽകുന്നതിനാൽ വിശപ്പ് കുറക്കാൻ സഹായിക്കും. ഇത്തരത്തിൽ ഭക്ഷണ നിയന്ത്രണത്തിലൂടെ നോമ്പിനെ ഉപയോഗപ്പെടുത്തിയാൽ കൊളസ്ട്രോൾ, പ്രമേഹം എന്നിവയെ ചെറുക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.