കുവൈത്ത് സിറ്റി: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിക്കെതിരായ ദേശീയ നേതൃത്വത്തിന്റെ നടപടികൾ അംഗീകരിക്കില്ലെന്നും സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബിന് പിന്തുണ പ്രഖ്യാപിക്കുന്നതായും പ്രവാസി ഘടകമായ ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി.
ഇന്ത്യൻ നാഷനൽ ലീഗ് ദേശീയനേതൃത്വം കേരള സംസ്ഥാന കമ്മിറ്റിക്കെതിരെ സ്വീകരിച്ച ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് കുവൈത്ത് കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ അഖിലേന്ത്യാ കമ്മിറ്റിയുടെ തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് മേൽ അടിച്ചേൽപിക്കുന്നത് ദുരുദ്ദേശ്യപരമാണ്.
പാർട്ടി സംസ്ഥാന ഘടകത്തിലെ വിഭാഗീയതക്ക് അറുതിവരുത്താൻ ഇതുവരെ ദേശീയ കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല.
നിഷ്പക്ഷമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഒരു വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്ന അഖിലേന്ത്യാ കമ്മിറ്റിയുടെ നടപടികൾ മുഴുവൻ പ്രവർത്തകരും തള്ളിക്കളയും.
അടുത്ത കാലത്ത് പാർട്ടിയിലേക്ക് കടന്നുവന്ന ചിലരുടെ താൽപര്യങ്ങൾക്ക് ദേശീയനേതൃത്വം വഴങ്ങുകയാണ്.
പാർട്ടി കെട്ടിപ്പടുത്ത നേതാക്കളുടെയും യഥാർഥ പാർട്ടി പ്രവർത്തകരുടെയും പൊതുവികാരത്തെ അവഗണിക്കുന്നു. പാർട്ടിക്ക് വേരോട്ടമുണ്ടായിരുന്ന മറ്റു സംസ്ഥാനങ്ങളിൽ പാർട്ടിയെ ഛിന്നഭിന്നമാക്കിയതു പോലെ കേരളത്തിലും പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം എതിർക്കപ്പെടേണ്ടതാണ്.
സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ പൂർണ വിശ്വാസം അർപ്പിക്കുന്നുവെന്നും പിന്തുണ പ്രഖ്യാപിക്കുന്നതായും ചെയർമാൻ ഹമീദ് മധൂർ, പ്രസിഡൻറ് സത്താർ കുന്നിൽ, ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രഷറർ അബൂബക്കർ എ.ആർ നഗർ, ഓർഗനൈസിങ് സെക്രട്ടറി ഉമർ കൂളിയങ്കാൽ എന്നിവർ അറിയിച്ചു.
മുഴുവൻ ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും ഈ തീരുമാനത്തിനൊപ്പമാണെന്നും ഉടൻ പ്രവർത്തക കൺവെൻഷൻ ചേർന്ന് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.