കുവൈത്ത് സിറ്റി: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുന്നതിനും ദുരിതാശ്വാസ സഹായം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾക്കായി ലോകം ഇടപെടണമെന്ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്.
ഇസ്രായേൽ അധിനിവേശ സേനയുടെ നിരന്തര ബോംബാക്രമണത്തിന് വിധേയമാകുന്ന ഗസ്സയിലെ ഭയാനകമായ സംഭവവികാസങ്ങൾ കണ്ട് കുവൈത്ത് ജനത വേദനയിലാണെന്നും അദ്ദേഹം പറഞ്ഞു. പതിനേഴാം ദേശീയ അസംബ്ലിയുടെ രണ്ടാം സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഫലസ്തീൻ പ്രശ്നത്തിന് സമഗ്രവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള എല്ലാ നടപടികളെയും കുവൈത്ത് പിന്തുണക്കും. ഗസ്സയിലെ മാരക സംഭവങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ഗസ്സയിൽ ഇസ്രായേൽ മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര കൺവെൻഷനുകളും തുടർച്ചയായി ലംഘിക്കുന്നതിനെ കിരീടാവകാശി അപലപിച്ചു.
കുവൈത്ത് സിറ്റി: ആഗോള മാനുഷിക സഹായങ്ങൾ തുടരുമെന്ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മാനുഷിക പങ്ക് വർധിപ്പിക്കുന്നതിൽ കുവൈത്ത് ശ്രദ്ധാലുവാണ്. ആഗോള സുരക്ഷയും സമാധാനവും കൈവരിക്കുന്നതിന് ലോകമെമ്പാടുമുള്ള സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും സഹകരിച്ച് എല്ലാ വെല്ലുവിളികൾക്കും എതിരെ കുവൈത്തിന്റെ നയതന്ത്ര, മാനുഷിക നയങ്ങൾ ഉറച്ചുനിൽക്കുമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
കുവൈത്ത് സിറ്റി: ലെജിസ്ലേറ്റിവും എക്സിക്യൂട്ടിവും തമ്മിലെ സഹകരണം കുവൈത്തിന് കൂടുതൽ വികസനം നൽകുകയും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യുമെന്ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. രാഷ്ട്രീയരംഗത്തെ പിരിമുറുക്കം സർക്കാറിൽനിന്നും എം.പിമാരിൽനിന്നും കൂടുതൽ പ്രതീക്ഷിക്കുന്ന പൗരന്മാർക്ക് അനുകൂലമായിരിക്കില്ലെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
നിലവിലെ നിയമനിർമാണസഭ കാലാവധി പൗരന്മാരുടെയും താമസക്കാരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും കുവൈത്തിലെ നേട്ടങ്ങൾക്കും വികസനം വർധിപ്പിക്കുന്നതിനുമായി സമർപ്പിക്കണം. പാർലമെന്റ് അംഗങ്ങളുടെ പ്രകടനം നിരീക്ഷിക്കുന്നതിലും ചോദ്യം ചെയ്യുന്നതിലും ജനങ്ങളുടെ പങ്ക് സജീവമാക്കാനും ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.