ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം
കുവൈത്ത്: ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ മംഗഫ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇന്ദുലേഖ സുരേഷ് ദേശീയ പതാക ഉയർത്തി. പുതുതലമുറയിൽ രാജ്യസ്നേഹം ഉണർത്തേണ്ടതിന്റെ ആവശ്യകതയും സ്വാതന്ത്ര്യത്തിന്റെ മൂല്യം ഉൾക്കൊള്ളാനും സംരക്ഷിക്കാനും ഇന്ത്യൻ പൗരന്മാർ എന്നനിലയിൽ തയാറാകേണ്ടതിന്റെ പ്രാധാന്യവും ഇന്ദുലേഖ മുഖ്യസംഭാഷണത്തിൽ ഉണർത്തി. വൈസ് പ്രിൻസിപ്പൽ കെ. സലീം, അധ്യാപികമാരായ ഷക്കീല ബാനു, തുഫല്ലുന്നിസ എന്നിവർ സംസാരിച്ചു. 'ആസാദീ കാ അമൃത് മഹോത്സവം' എന്നവിഷയത്തിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപിക റീജ സന്തോഷിന്റെ പ്രശ്നോത്തരി പ്രശംസ പിടിച്ചുപറ്റി. അധ്യാപിക സബ്ന ഷമീർ നന്ദി രേഖപ്പെടുത്തി. അധ്യാപക അനധ്യാപക അംഗങ്ങൾ പങ്കെടുത്തു.
കെ.ഡി.എൻ.എ സ്വാതന്ത്ര്യദിനാഘോഷം
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഇന്ത്യൻ സ്വതന്ത്ര്യദിനം ആഘോഷിച്ചു. ഓൺലൈനിൽ സംഘടിപ്പിച്ച ആഘോഷത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. ഐ.ഇ.ഐ മുൻ ചെയർമാൻ എൻ.ജി. ജോസഫ് പണിക്കർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി, അഡ്വൈസറി ബോർഡ് മെംബർ ഇല്യാസ് തോട്ടത്തിൽ, റാഫിയ അനസ് എന്നിവർ ആശംസകളർപ്പിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സുബൈർ എം.എം സ്വാഗതം പറഞ്ഞു. വിമൻസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ, ജിഷ സുരേഷ് എന്നിവർ ദേശീയ ഗാനവും സമീർ വെള്ളയിൽ, അനസ് പുതിയോട്ടിൽ, ജയലളിത കൃഷ്ണൻ എന്നിവർ ദേശഭക്തിഗാനങ്ങളും ആലപിച്ചു. സുരേഷ് മാത്തൂർ സ്വാഗതവും കേന്ദ്ര കൾചറൽ സെക്രട്ടറി ഫിറോസ് നാലകത്ത് നന്ദിയും അറിയിച്ചു.
ഒ.ഐ.സി.സി കുവൈത്ത് ദേശീയപതാക ഉയർത്തി
കുവൈത്ത് സിറ്റി: ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തി. ഒ.ഐ.സി.സി ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട് പതാക ഉയർത്തി. ബി.എസ്. പിള്ള, വർഗീസ് ജോസഫ് മാരാമൺ, ജോയ് കരവാളൂർ, കൃഷ്ണൻ കടലുണ്ടി, ജോബിൻ ജോസ്, ഷബിൻ സണ്ണി, സജി മണ്ഡലത്തിൽ, അലക്സ് മാനന്തവാടി, മാണി ചാക്കോ, റെജി കോരുത്, കല്ലാർ മൊയ്തു, ഇക്ബാൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
ട്രാക് ഇന്ത്യ കേക്ക് മുറിച്ചാഘോഷിച്ചു
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ ട്രാക് പ്രസിഡൻറ് എം.എ. നിസാം അധ്യക്ഷത വഹിച്ചു. ട്രാക് ചെയർമാൻ പി.ജി. ബിനു സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, സെക്രട്ടറി ആർ. രാധാകൃഷ്ണൻ, അബ്ബാസിയ ഏരിയ കൺവീനർ പ്രദീപ് മോഹനൻ നായർ, ജോ. ട്രഷറർ ലിജോയ് ജോളി, മംഗഫ് ഏരിയ കൺവീനർ കൃഷ്ണരാജ്, ശിവൻ കുട്ടി, അനിൽകുമാർ, സുകു കുമാർ എന്നിവർ സംസാരിച്ചു. ആഘോഷഭാഗമായി പ്രവർത്തകർ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. ജന. സെക്രട്ടറി കെ.ആർ. ബൈജു സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.
കെ.എം.ആർ.എം സ്വാതന്ത്ര്യദിനാഘോഷം
കുവൈത്ത് സിറ്റി: കെ.എം.ആർ.എം അബ്ബാസിയ ഏരിയയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഏരിയ പ്രസിഡൻറ് ബിനു ഏബ്രഹാം അധ്യക്ഷതവഹിച്ചു. യോഗത്തിൽ കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് റവ. ഫാ. ജോൺ തുണ്ടിയത്ത് സ്വാതന്ത്ര്യദിന സന്ദേശം നല്കി. കെ.എം.ആർ.എം കേന്ദ്രസമിതി പ്രസിഡൻറ് ജോസഫ് കെ. ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി. എബി പാലൂട്ടിൽ, അലക്സ് വർഗീസ്, ലിൻസ് ജോൺ, മേഘ മനോജ്, ജെയിംസ് രാജൻ, ആൽഫ്രഡ് ചാണ്ടി എന്നിവർ സംസാരിച്ചു. കേന്ദ്ര സമിതി ഭാരവാഹികളായ മാത്യു കോശി, ജിമ്മി പാറയ്ക്കൽ, ജിമ്മി ഇടിക്കുള, സജിമോൻ, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.