കുവൈത്ത് സിറ്റി: ഇന്ത്യ 100 കോടി ഡോസ് വാക്സിൻ നൽകിയത് കുവൈത്തിലെ ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യ കൊയ്തതെന്നും കുവൈത്ത് ഉൾപ്പെടെ 90ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ ഉൽപാദിപ്പിച്ച കോവിഡ് വാക്സിൻ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.
'ഇന്ത്യ ലോകത്തിെൻറ ആരോഗ്യ പരിചരണ കേന്ദ്രമാകുന്നു' എന്ന തലക്കെട്ടിലാണ് പരിപാടി നടത്തിയത്. വാക്സിൻ എടുക്കേണ്ടതായ ജനസംഖ്യയിൽ 75 ശതമാനം പേർ ഒരു ഡോസ് എങ്കിലും സ്വീകരിച്ചു.
40 ആഴ്ച കൊണ്ടാണ് 100 കോടി ഡോസ് വാക്സിനേഷൻ നടത്തിയത്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യജീവനക്കാരുടെ കഠിന പരിശ്രമം കൊണ്ടാണ് ഇത് സാധ്യമായത്. രാജ്യത്താകെ മൂന്നുലക്ഷത്തിലേറെ കുത്തിവെപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇതിൽ 74 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണെന്നതും ശ്രദ്ധേയമാണെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരനെന്നതിൽ അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ് 100 കോടി ഡോസ് വാക്സിൻ കുറഞ്ഞകാലം കൊണ്ട് രാജ്യം വിതരണം ചെയ്തു എന്നതെന്ന് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ് പറഞ്ഞു. ഇന്ത്യയുടെ ഇൗ നേട്ടത്തെ കുവൈത്തിലെ മറ്റു രാജ്യക്കാരിലേക്ക് എത്തിക്കാൻ നാം ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിെൻറ വിഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. എംബസി ഫസ്റ്റ് സെക്രട്ടറി ഫഹദ് അഹ്മദ് ഖാൻ സൂരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.