കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 76ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ എട്ടിന് ഇന്ത്യൻ എംബസിയിൽ അംബാസഡർ സിബി ജോർജ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ദേശീയപതാക ഉയർത്തി. ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചു. ഇന്ത്യയുമായി മികച്ച സഹകരണവും ബന്ധവും തുടരുന്ന കുവൈത്ത് നേതൃത്വത്തിന് അംബാസഡർ തന്റെ പ്രസംഗത്തിൽ നന്ദി പറഞ്ഞു. ഇന്ത്യ-കുവൈത്ത് ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപാരം, നിക്ഷേപം, സംസ്കാരം, വിനോദസഞ്ചാരം എന്നിവയുടെ പ്രോത്സാഹനം, വിവിധ മേഖലകളിലെ സഹകരണത്തിന്റെ വിപുലീകരണം, കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടങ്ങി വിവിധ മേഖലകളിൽ എംബസി നടത്തുന്ന ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കാൻ എംബസിയുമായി കൈകോർക്കാൻ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോടുള്ള ക്ഷണം അംബാസഡർ ആവർത്തിച്ചു. ആഘോഷ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരവിജയികൾക്കുള്ള അവാർഡ്ദാനവും അംബാസഡർ നിർവഹിച്ചു. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ചാണ് ആഘോഷങ്ങൾ നടത്തിയത്.
ആശംസകൾ നേർന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യപ്പിറവി ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസയുമായി കുവൈത്ത്. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ ആശംസകളുമായി ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് സന്ദേശമയച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യപ്പിറക്ക് എല്ലാ ആശംസകളും നേർന്ന അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പ്രസിഡന്റിന് നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും കൂടി ആശംസകൾ നേർന്നു. ഇന്ത്യക്ക് ആശംസകൾ നേരുന്നതായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും പ്രസിഡന്റിനയച്ച സന്ദേശത്തിൽ അറിയിച്ചു.
പൊതുജനങ്ങൾക്ക് 'നിരാശ'
കുവൈത്ത് സിറ്റി: കോവിഡിന്റെ പശ്ചാത്തലത്തിൽ ദേശീയപതാക ഉയർത്തുന്ന ചടങ്ങ് മാത്രമാണ് എംബസിക്ക് പുറത്തുനടന്നത്. മറ്റു ചടങ്ങുകളും കലാപരിപാടികളും എംബസിക്ക് അകത്തെ ഓഡിറ്റോറിയത്തിലാണ് നടന്നത്. മാധ്യമപ്രവർത്തകർക്ക് മാത്രമായിരുന്നു എംബസി പരിസരത്തേക്കും അകത്തേക്കും പ്രവേശനം. പൊതുജനങ്ങളെ എംബസിയിലേക്കുള്ള റോഡിന് സമീപം സുരക്ഷ ഉദ്യോഗസ്ഥർ മടക്കി അയച്ചു. ആഘോഷത്തിൽ പങ്കുകൊള്ളാൻ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് രാവിലെതന്നെ എംബസിയിലെത്തിയ മലയാളികൾ അടക്കമുള്ളവരെ ഇത് നിരാശരാക്കി.
എംബസിയിലേക്ക് കടത്തിവിടാൻ പലരും ആവശ്യപ്പെട്ടെങ്കിലും സുരക്ഷ ജീവനക്കാർ കനിഞ്ഞില്ല. ഇതോടെ സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കയറിനിന്നാണ് പലരും ദേശീയപതാക ഉയർത്തുന്നത് വീക്ഷിച്ചത്. എംബസിയിൽ പരിപാടി നടക്കവേ പുറത്തുനിന്ന് അവർ ഉറക്കെ മുദ്രാവാക്യം മുഴക്കുന്നത് കേൾക്കാമായിരുന്നു. പരിപാടികൾ വെർച്ചലായി വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് എംബസി നേരത്തേ നിർദേശം നൽകിയിരുന്നു. പലരുടെയും ശ്രദ്ധയിൽ ഇത് എത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.