കുവൈത്ത് സിറ്റി: എല്ലാ അന്താരാഷ്ട്ര, മാനുഷിക പ്രമേയങ്ങൾക്കും വിരുദ്ധമായി ഇരട്ട മാനദണ്ഡങ്ങളാൽ പൊതിഞ്ഞ അന്യായമായ കൂട്ടായ ശിക്ഷയാണ് ഫലസ്തീനെതിരെ ഇസ്രായേൽ നടത്തുന്നതെന്ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. രക്തച്ചൊരിച്ചിൽ ഉടൻ തടയുന്നതിനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനും ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ കിരീടാവകാശി ക്ഷണിച്ചു.
യു.എൻ സുരക്ഷാ കൗൺസിൽ അതിന്റെ പങ്ക് നിർവഹിക്കണമെന്നും അഭ്യർഥിച്ചു. ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ ഇസ്ലാമിക-അറബ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു കിരീടാവകാശി. അതേസമയം, മാനുഷികമായ സന്ധിക്ക് ആഹ്വാനം ചെയ്യാനുള്ള യു.എൻ ജനറൽ അസംബ്ലി തീരുമാനം അദ്ദേഹം സ്വാഗതം ചെയ്തു.
ഈ യോഗം ചേരുന്നതിനിടയിലും ഗസ്സയിലെ ഫലസ്തീൻ സഹോദരങ്ങൾക്കെതിരെ വിവരണാതീതമായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. അറബ് സമാധാന സംരംഭവും പ്രസക്തമായ അന്താരാഷ്ട്ര റഫറൻസുകളും അനുസരിച്ച് ഫലസ്തീൻ പ്രശ്നത്തിന് അന്തിമവും നീതിയുക്തവുമായ പരിഹാരം, മേഖലയിലെ സുസ്ഥിരമായ സമാധാനം എന്നിവക്കാണ് കുവൈത്ത് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.