കുവൈത്ത് സിറ്റി: സർക്കാർ ബഹിഷ്കരണം മൂലം പാർലമെൻറ് യോഗം തുടർച്ചയായി മുടങ്ങുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സന്ദേശം അയച്ച് പാർലമെൻറ് അംഗങ്ങൾ.
ഞങ്ങൾ അങ്ങയുടെ മക്കൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് പാർലമെൻറിൽ എത്തിയത് എന്നു തുടങ്ങുന്ന കത്താണ് എം.പിമാരെ പ്രതിനിധാനം ചെയ്ത് മുഹന്നദ് അൽ സായർ അമീറിന് അയച്ചത്.''സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനും തീരുമാനം എടുക്കാനും ഉണ്ടെന്നിരിക്കെ പാർലമെൻറ് യോഗം സ്ഥിരമായി മുടങ്ങുകയാണ്. പാർലമെൻറ് പിരിച്ചുവിടണമെന്ന് ഒരു എം.പിയും ആഗ്രഹിക്കുന്നില്ല.
അതേസമയം, ഇപ്പോഴും പിന്നീടൊരവസരത്തിനും തങ്ങളെ പാവകളാക്കി പാർലമെൻറിനെ ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. 2013നു ശേഷം സമാനതകളില്ലാത്ത രാഷ്ട്രീയ അസ്ഥിരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പ്രധാനമന്ത്രിയും സ്പീക്കറും ചേർന്ന് പാർലമെൻറിെൻറ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ്. 800ഒാളം പൗരന്മാർ വിദേശത്ത് അഭയം തേടി കഴിയുകയാണ്. 30,000 പേർ തൊഴിൽ കാത്തുകഴിയുന്നു. നിരവധി പേർ വീടിനായി അപേക്ഷിച്ച് കാത്തിരിക്കുന്നു.
ഞങ്ങൾ എം.പിമാർ ഒരു പരിഹാരം ആഗ്രഹിക്കുന്നു. ബിൽ ആയി സമർപ്പിച്ചതാണ് ഇൗ വിഷയങ്ങളെല്ലാം. എന്നാൽ, രാഷ്ട്രീയ അനിശ്ചിതത്വം കാരണം ചർച്ചകൾക്കും തുടർനടപടികൾക്കും കഴിയുന്നില്ല.
രാഷ്ട്രീയ പരിഷ്കരണം കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക വ്യവസ്ഥ തുടങ്ങിയവയിൽ പരിഷ്കരണം കഴിയില്ല. പൗരന്മാരുടെ കാഴ്ചപ്പാടുകൾക്കനുസൃതമായി കഠിനാധ്വാനം ചെയ്യാൻ എം.പിമാർ തയാറാണ്. അനിശ്ചിതാവസ്ഥ അവസാനിപ്പിക്കുന്നതിന് അമീർ ഇടപെടണം'' -കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അഞ്ചാം തവണയാണ് സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് പാർലമെൻറ് യോഗം തുടർച്ചയായി മുടങ്ങുന്നത്. ഭരണഘടന പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഭരണഘടനയുടെ ആർട്ടിക്ൾ 116 പ്രകാരം സർക്കാർ പ്രതിനിധികളായി പ്രധാനമന്ത്രിയോ മന്ത്രിമാരോ പെങ്കടുക്കേണ്ടതുണ്ട്.
കുവൈത്ത് ഭരണഘടന പ്രകാരം പാർലമെൻറ് യോഗത്തിന് നിയമസാധുത ലഭിക്കണമെങ്കിൽ പകുതി അംഗങ്ങൾ ഹാജറുണ്ടാവുകയും സർക്കാറിനെ പ്രതിനിധാനം ചെയ്ത് മന്ത്രിമാർ ആരെങ്കിലും ഉണ്ടാവുകയും വേണം. സർക്കാർ ബഹിഷ്കരണം തുടരുകയാണെങ്കിൽ പാർലമെൻറ് യോഗം ചേരാൻ കഴിയാതെവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.