കുവൈത്ത് സിറ്റി: ലോകം 2023നെ സ്വാഗതം ചെയ്യാൻ ഒരുങ്ങുമ്പോൾ, കുവൈത്തും പ്രതീക്ഷയോടെ പുതിയ വർഷത്തിലേക്ക് പ്രവേശിക്കുന്നു.
2020ന് ശേഷം ആദ്യമായി കോവിഡ് നിയന്ത്രണങ്ങളില്ലാതെ പുതുവർഷത്തേക്ക് കടക്കുകയാണ്. കുവൈത്തി പൗരന്മാരും പ്രവാസികളും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം വിവിധ ആഘോഷങ്ങൾക്കു തയാറെടുപ്പ് നടത്തുന്നുണ്ട്. തുറസ്സായ മരുഭൂമിയിലും ഫ്ലാറ്റുകളിലും പുതുവത്സര ആഘോഷങ്ങൾ നടക്കും.
രാജ്യത്തെ മാളുകളും സൂപ്പർമാർക്കറ്റുകളും പുതുവർഷാഘോഷ മൂഡിലാണ്.
മാളുകൾ അലങ്കരിക്കുകയും വർണലൈറ്റുകൾ കൊണ്ട് മോടികൂട്ടുകയും ചെയ്തിട്ടുണ്ട്. വലിയ സ്ക്രീനുകളിൽ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതായ എഴുത്തുകളും ചിത്രങ്ങളും വെള്ളിയാഴ്ച മുതലേ പ്രത്യക്ഷപ്പെട്ടുതുടങ്ങി.
പുതുവർഷം കണക്കിലെടുത്ത് ജനുവരി ഒന്നിന് രാജ്യത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി മുതൽ തുടർച്ചയായ മൂന്നു ദിവസം അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ.
കുവൈത്ത് സിറ്റി: പുതുവത്സരാഘോഷങ്ങള്‍ അതിരുവിട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ പൈതൃകത്തിനും സംസ്കാരത്തിനും നിരക്കാത്ത പരിപാടികള്‍ ആഘോഷത്തിന്റെ പേരില്‍ നടത്താന്‍ അനുവദിക്കില്ല. സമാധാനപൂർണമായ സാമൂഹിക അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായാലും അധികൃതരുടെ ഇടപെടലുണ്ടാകും. ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കി പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും നിയമലംഘനമാണ്.
നിർദേശങ്ങള്‍ ലംഘിക്കുന്ന വിദേശികളെ നാടുകടത്തും. സ്വദേശികള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കും. രാജ്യത്തുടനീളം ആവശ്യമായ എല്ലാ സുരക്ഷ, ട്രാഫിക് ക്രമീകരണങ്ങളും ഒരുക്കങ്ങളും നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ പ്രധാന റോഡുകളിലും പ്രാന്തപ്രദേശങ്ങളിലും സുരക്ഷയും ഗതാഗത നിയന്ത്രണവും ഉറപ്പാക്കുന്നതിന് പട്രോളിങ് ഉണ്ടാകുമെന്നും മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് മാനേജർ മേജർ ജനറൽ തൗഹീദ് അൽ കന്ദരി അറിയിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങളെ കർശനമായി നേരിടും. മാർഗനിർദേശങ്ങൾ പാലിച്ച് സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ അദ്ദേഹം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപെട്ടാൽ സ്വദേശികൾക്കും വിദേശികൾക്കും മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.