കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന കാമ്പയിൻ നടത്തുന്നു. ഇറാഖ് അധിനിവേശ വാർഷികത്തോടനുബന്ധിച്ച് 'എക്കാലവും നാം ഒരുമിച്ച്' തലക്കെട്ടിൽ തുടർച്ചയായ ആറാം വർഷമാണ് രക്തദാന കാമ്പയിൻ നടത്തുന്നത്. ആഗസ്റ്റ് രണ്ട് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ ജാബിരിയ, അദാൻ ബ്ലഡ് ബാങ്കുകളിൽ രക്തം സ്വീകരിക്കും. മുൻകൂട്ടി അപ്പോയിൻമെൻറ് എടുക്കുന്നവർക്ക് മാത്രം ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് എത്തി രക്തം നൽകാം. കോവിഡ് പശ്ചാത്തലത്തിൽ രക്തം നൽകുന്നവരുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പുവരുത്താനാണ് ഇത്തവണ കർശന നിയന്ത്രണങ്ങളോടെ മാത്രം അനുമതി നൽകുന്നതെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ സർവിസസ് ആക്ടിങ് ഡയറക്ടർ ഡോ. ഹനാൻ അൽ അവാദി പറഞ്ഞു.
അധിനിവേശക്കാലത്ത് രാജ്യത്തിനായി രക്തസാക്ഷികളായവരെ സ്മരിക്കാനും രക്തബാങ്കിൽ രക്തത്തിന് ക്ഷാമം ഉള്ളതുകൊണ്ടുമാണ് കാമ്പയിൻ നടത്തുന്നത്. താൽപര്യമുള്ള സ്വദേശികളും വിദേശികളും എത്തണമെന്ന് അധികൃതർ വാർത്തക്കുറിപ്പിലൂടെ അഭ്യർഥിച്ചു. മലയാളി സംഘടനകൾ ഉൾപ്പെടെ ജാബിരിയയിലെ രക്തബാങ്കിൽ രക്തദാന ക്യാമ്പ് നടത്തുന്നത് ആശ്വാസമാവുന്നുവെങ്കിലും ഇപ്പോഴും ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്. നെഗറ്റിവ് ഗ്രൂപ്പുകൾ ഉൾപ്പെടെ അപൂർവ രക്തങ്ങൾക്കാണ് ഏറെ ക്ഷാമം. കഴിഞ്ഞ വർഷം 475 ബാഗും 2019ൽ 468ഉം ബാഗ് രക്തം ലഭിച്ചു. ഇൗ വർഷം കൂടുതൽ പേർ രക്തം നൽകാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.
നെഗറ്റിവ് ഗ്രൂപ്പുള്ളവർ രക്തം നൽകാൻ എത്തുകയാണെങ്കിൽ രാജ്യത്തെ വിവിധ ആശുപത്രികളിലെ രോഗികൾക്ക് വലിയ ആശ്വാസമാവും. സ്ത്രീ പുരുഷ ഭേദമെന്യേ ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം നടത്താം. 18നും 60 വയസ്സിനും ഇടയിൽ പ്രായമുള്ള 45 കിലോക്ക് മുകളിൽ ശരീരഭാരമുള്ളവരായിരിക്കണം. ദാതാവിെൻറ ശരീരത്തിലെ അഞ്ച് ലിറ്ററിലധികം വരുന്ന രക്തത്തിൽനിന്ന് 350 മില്ലി ലിറ്റർ രക്തം മാത്രമാണ് ഒരു പ്രാവശ്യം ശേഖരിക്കുന്നത്. അതും അയാളുടെ ശാരീരിക അവസ്ഥ പരിഗണിച്ചുകൊണ്ടായിരിക്കും.രക്തം നൽകി 24 മണിക്കൂറിനകം എത്ര രക്തം നൽകിയോ അത്രയും രക്തം ശരീരം വീണ്ടും ഉൽപാദിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.