കുവൈത്ത് സിറ്റി: ഇറാഖിലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അതിർത്തിയിൽ കുവൈത്ത് സൈന്യം ജാഗ്രതയിൽ. ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ ബന്ധപ്പെട്ടവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിലെ ആശുപത്രികൾക്കും ജാഗ്രത നിർദേശം ലഭിച്ചിട്ടുണ്ട്. നജഫിലേക്കുള്ള വിമാന സർവിസ് കുവൈത്ത് എയർവേയ്സ് തൽക്കാലത്തേക്ക് നിർത്തി. നജഫിൽ സമരക്കാർ വിമാനത്താവളം കൈയേറിയതായി റിപ്പോർട്ടുണ്ട്. വിവിധ സേവനങ്ങളും തൊഴിലവസരങ്ങളും ആവശ്യപ്പെട്ടും അഴിമതി ആരോപിച്ചുമാണ് ഇറാഖിലെ നജഫിൽ ജനം തെരുവിലിറങ്ങിയത്.
അഞ്ചുദിവസമായി തുടരുന്ന സമരം ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്. അതേസമയം, കുവൈത്തിൽ സ്ഥിതി ശാന്തമാണ്. അയൽരാജ്യത്തെ പ്രക്ഷോഭം പടരുന്ന സാഹചര്യത്തിൽ പൊതുവായുള്ള കരുതലിെൻറ ഭാഗമായാണ് വിവിധ തലങ്ങളിൽ മുന്നറിയിപ്പ് നിർദേശങ്ങൾ നൽകിയത്. സമരം അടിച്ചമർത്തുമെന്നാണ് ഇറാഖ് അധികൃതർ വ്യക്തമാക്കുന്നത്. ഇൗ സാഹചര്യത്തിൽ ചിതറിയേക്കാവുന്ന പ്രക്ഷോഭകർ കുവൈത്തിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് അതിർത്തിയിൽ ജാഗ്രത പുലർത്തുന്നത്. കുവൈത്ത് സേനാ മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ ഖുദ്ർ വടക്കൻ അതിർത്തിയിലെ സൈനിക ക്യാമ്പ് സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.
ഇപ്പോൾ ആശങ്കക്ക് വകയില്ലെന്നും അതിർത്തിയിൽ സൈന്യം ജാഗ്രതയിലാണെന്നും മുഹമ്മദ് ഖുദ്ർ വ്യക്തമാക്കി. ഇറാഖിലുള്ള കുവൈത്ത് പൗരന്മാരോട് ആൾക്കൂട്ടത്തിൽ നിന്നും പൊതുനിരത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ കുവൈത്ത് അംബാസഡർ സാലിം അൽ സമാനാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സഹായത്തിന് 07802604123, 078300004444, 0783111112222 എന്നീ നമ്പറുകളിൽ വിളിക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.