കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളും അമേരിക്കയും സഹോദര അറബ് രാജ്യങ്ങളായ ഈജിപ്ത്, ഇറാഖ്, ജോർഡൻ എന്നിവ ചേർന്ന് രണ്ട് ദിവസമായി ജിദ്ദയിൽ നടക്കുന്ന സുരക്ഷ ഉച്ചകോടി ഞായറാഴ്ച സമാപിച്ചു. അംഗരാജ്യങ്ങളുടെയും മേഖലയുടെയും താൽപര്യങ്ങളും സുരക്ഷയും സംരക്ഷിക്കപ്പെടാൻ ഒരുമിച്ചുള്ള നീക്കങ്ങൾ അനിവാര്യമാണെന്ന് ഉച്ചകോടിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു.
മുഴു മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള പ്രതിബദ്ധത അംഗ രാജ്യങ്ങൾ ഉച്ചകോടിയിൽ ആവർത്തിക്കുകയും സമാധാനവും സമൃദ്ധിയും നിലനിൽക്കുന്ന ഒരു പ്രദേശത്തിനായി പൊതു കാഴ്ചപ്പാട് വിഭാവനം ചെയ്യുകയും ചെയ്തു.
ഉച്ചകോടിയിൽ അവതരിപ്പിച്ച സംയുക്ത പ്രമേയത്തിൽ, മേഖല നേരിടുന്ന വെല്ലുവിളികൾ നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ അടിവരയിട്ടു. നല്ല അയൽപക്ക ബന്ധവും പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ബഹുമാനവും പാലിക്കാൻ രാജ്യങ്ങൾ സംയുക്ത പ്രമേയത്തിൽ അഭ്യർഥിച്ചു. ഭീകര പ്രവർത്തനങ്ങളെ സംയുക്ത പ്രമേയം അപലപിച്ചു.
ഗൾഫിനെ കൂട്ട നശീകരണ ആയുധങ്ങളിൽ നിന്ന് മുക്തമാക്കാനും പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കാനും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായും മേഖലയിലെ രാജ്യങ്ങളുമായും പൂർണമായും സഹകരിക്കാൻ നേതാക്കൾ ഇറാനോട് ആവശ്യപ്പെട്ടു.
ഫലസ്തീൻ സമ്പദ്വ്യവസ്ഥയെയും ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിയെയും പിന്തുണക്കേണ്ടതിന്റെ പ്രാധാന്യവും നേതാക്കൾ ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടി.
മിഡിൽ ഈസ്റ്റിൽ നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനായി മുൻകൈയെടുക്കാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഉച്ചകോടിക്കിടെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.