കുവൈത്ത് സിറ്റി: കത്തുന്ന ചൂടിൽ പുറം ജോലിക്കാർക്ക് ആശ്വാസം പകരുന്നതിനായി അനുവദിച് ച ഉച്ചവിശ്രമം ഇന്നലെ അവസാനിച്ചു. ഉച്ചസമയത്തെ ജോലി വിലക്ക് കാലാവധി അവസാനിച്ചെങ്കിലും കത്തുന്ന ചൂടിന് ശമനമായിട്ടില്ല. 46 ഡിഗ്രി സെൽഷ്യസ് ചൂടാണ് ശനിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയത്. കത്തിയെരിയുന്ന മധ്യാഹ്നങ്ങളിൽ എങ്ങനെ ജോലിയെടുക്കുമെന്ന ആശങ്ക പിന്നെയും ബാക്കിയാണ്. സഹിക്കാനാവാത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ആശ്വാസകരമാകുന്ന എന്തെങ്കിലും ഉത്തരവുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തിയിരുന്നത്. ഈ കാലയളവിൽ രാവിലെ 11 മണി മുതൽ വൈകീട്ട് അഞ്ചുമണിവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ലെന്നായിരുന്നു ഉത്തരവ്. രാജ്യത്ത് ചൂട് കനക്കുന്ന ഈ മാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്.
നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കർശനമായി നിരീക്ഷിക്കാനും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മാൻപവർ അതോറിറ്റി സംവിധാനങ്ങളുമേർപ്പെടുത്തിയിരുന്നു. റോഡ്, നിർമാണ ജോലികളിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് ഏറെ അനുഗ്രഹമായിരുന്നുവെങ്കിലും പലയിടത്തും തൊഴിലാളികളെ നിർബന്ധിച്ചു ജോലി ചെയ്യിക്കുകയാണെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. ഈ വർഷം ഇതുവരെ 1500ലേറെ പേർ വിശ്രമത്തിന് നിശ്ചയിക്കപ്പെട്ട സമയത്തു ജോലിചെയ്യുന്നതായി കണ്ടെത്തിയിരുന്നു. മാൻപവർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. തൊഴിലാളികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു കൊണ്ടായിരുന്നു ഇത്തരത്തിൽ ദ്രോഹനടപടികൾ ആവർത്തിച്ചത്. മനുഷ്യാവകാശ അസോസിയേഷൻ പ്രതിനിധികൾ നടത്തിയ പരിശോധനയിൽ 356 തൊഴിലാളികളും ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തി. വാട്സ്ആപ്, ഹോട്ട്ലൈൻ വഴി ലഭിച്ച പരാതികളെ തുടർന്നായിരുന്നു പലയിടങ്ങളിലും പരിശോധനയെന്ന് മനുഷ്യാവകാശ അസോസിയേഷൻ അറിയിച്ചു. ഉച്ചവിശ്രമം അനുവദിക്കപ്പെട്ടതാണെന്ന കാര്യം ജോലിക്കാരിൽ പലർക്കും അറിയില്ലായിരുന്നുവെന്നാണ് മനസ്സിലായതെന്നും അസോസിയേഷൻ പറഞ്ഞു.
പുറംജോലി വിലക്ക് ലംഘിച്ച 180 കമ്പനികൾക്കെതിരെ പിഴ ചുമത്തിയതായി ആരോഗ്യ സുരക്ഷ മേധാവി നായിഫ് അല്‍ മുതൈരി വ്യക്തമാക്കി. അതോറിറ്റി നടത്തിയ പരിശോധനയില്‍ 10 നിയമ ലംഘനം രേഖപ്പെടുത്തിയിരുന്നു. നിയമം ലംഘിച്ച് പണിയെടുപ്പിച്ച ഒാരോ തൊഴിലാളിക്കും 100 ദീനാര്‍ വരെ പിഴ ഇൗടാക്കി. പെട്രോള്‍ സ്റ്റേഷനില്‍ ജോലിചെയ്യുന്നവര്‍, മോേട്ടാര്സൈക്കിളില് ഡെലിവറി നടത്തുന്നവര്‍, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് മാത്രമാണ് തുറന്ന സ്ഥലങ്ങളിലെ ഉച്ചജോലി വിലക്കിൽനിന്ന് ഇളവ് അനുവദിച്ചിരുന്നത്.
നിയമം ലംഘിച്ചതിലേറെയും നിർമാണ കമ്പനികൾ –റിപ്പോർട്ട്
രാജ്യത്തെ കടുത്ത ചൂട് പരിഗണിച്ച് ഏർപ്പെടുത്തിയ ഉച്ചസമയത്തെ പുറംജോലി വിലക്ക് ലംഘിച്ചതിലേറെയും നിർമാണ കമ്പനികളെന്ന് റിപ്പോർട്ട്. കുവൈത്ത് ടൈംസ് സംഘം നടത്തിയ ഫീൽഡ് സന്ദർശനം സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഹവല്ലിയിൽ അൽ ബഹർ കോംപ്ലക്സിന് സമീപത്തെ കെട്ടിട നിർമാണത്തിൽ നിയമം ലംഘിക്കുന്നതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. സാൽമിയയിൽ ഉച്ചക്ക് 12.30നും പൊള്ളുന്ന വെയിലിൽ തുറന്ന സ്ഥലത്ത് തൊഴിലാളികൾ ജോലി ചെയ്തതായി റിപ്പോർട്ടുണ്ട്.
ഫോർത് റിങ് റോഡിൽ ഉച്ചക്ക് 1.35നും ഫർവാനിയയിൽ മൂന്നുമണിക്കും ഇത്തരത്തിൽ ജോലി ചെയ്യുന്നതായി കുവൈത്ത് ടൈം സംഘം നടത്തിയ സന്ദർശനത്തിൽ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. നിയമം ലംഘിക്കുന്ന തൊഴിലുടമകളെയും തൊഴിലാളികളെയും കണ്ടെത്തുന്നതിന് മാൻപവർ അതോറിറ്റി പരിശോധന നടത്തുന്നുണ്ട്. മിന അബ്ദുല്ലയിലെയും ശുവൈഖിലെയും പോലുള്ള വ്യവസായ മേഖല കേന്ദ്രീകരിച്ചാണ് അതോറിറ്റി പ്രധാനമായും പരിശോധന നടത്തിയത്. ശക്തമായ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് അധികൃതർ മധ്യാഹ്ന ജോലിവിലക്ക് നിയമം പ്രാബല്യത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.