കുവൈത്ത് സിറ്റി : കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് (കെ.എഫ്.എ.എസ്) `അൽ ഹംറ ബിസിനസ് ടവറിന്റെ ഘടനാപരമായ ആരോഗ്യ നിരീക്ഷണം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അൽ ഹംറ റിയൽ എസ്റ്റേറ്റ് കമ്പനിയുടെയും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെയും (കെ.ഐ.എസ്.ആർ) സഹകരണത്തോടെയായിരുന്നു സെമിനാർ. കെ.ഐ.എസ്.ആർ അൽ ഹംറ ബിസിനസ് ടവറിൽ നടപ്പാക്കിയ `ഗ്രൗണ്ട് മോഷൻ മോഡലിങ്ങും ഉയർന്ന കെട്ടിടങ്ങളുടെ ഘടനാപരമായ നിരീക്ഷണവും' എന്ന ഗവേഷണ പദ്ധതിയുടെ ഫലങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.
കുവൈത്ത് യൂനിവേഴ്സിറ്റി, കെ.ഐ.എസ്.ആർ, മുനിസിപ്പൽ കൗൺസിൽ, പൊതുമരാമത്ത് മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക്ക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയർ, എൻവയോൺമെന്റ് പബ്ലിക്ക് അതോറിറ്റി, സ്വകാര്യ മേഖലയിലെ കമ്പനികളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി ഗവേഷകർ, അക്കാദമിക് വിദഗ്ധർ, എൻജിനീയർമാർ, ആർക്കിടെക്റ്റുകൾ, ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വികസിപ്പിക്കുന്നതിനും വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കുവൈത്തിന്റെ വികസന പദ്ധതിയുമായി യോജിച്ചാണ് ഈ പദ്ധതിയെന്ന് കെ.ഐ.എസ്.ആർ വ്യക്തമാക്കി. കുവൈത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ അൽ ഹംറ ബിസിനസ് ടവറിലാണ് ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കിയത്. ഡോ.ഹസൻ കമാൽ, ഡോ.ഷെയ്ഖ അൽ സനദ്, ഡോ.ജാഫറലി പാറോൽ എന്നിവരുടെ നേതൃത്വത്തിലാണ് അൽ ഹംറ ടവറിൽ സാങ്കേതികവിദ്യ നടപ്പാക്കിയത്. നേരത്തെ കുവൈത്തിലെ പാലങ്ങളിൽ ഡോ.ജാഫറലി പാറോലിന്റെ നേതൃത്വത്തിൽ സമാനമായ സാങ്കേതികവിദ്യ നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.