കുവൈത്ത് സിറ്റി: റമദാൻ അവസാന വാരത്തിലേക്കു കടന്നതോടെ പ്രാർഥനകളിലും പുണ്യപ്രവർത്തനങ്ങളിലും കൂടുതൽ സജീവമായി വിശ്വാസികൾ. രാജ്യത്തെ പ്രധാന പള്ളികളായ ബിലാൽ ബിൻ റബാഹ് മസ്ജിദ്, ഗ്രാന്‍ഡ് മസ്ജിദ്, സിദ്ദീഖ് മസ്ജിദ് എന്നിവിടങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ഖിയാമുല്ലൈൽ പ്രാർഥനക്കായി എത്തുന്നത്. പ്രവാചകചര്യ പിൻപറ്റി പള്ളികളില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുന്ന വിശ്വാസികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. വിശ്വാസികൾ കൂടുതൽ സമയം നമസ്കാരത്തിലും പ്രാർഥനയിലും ഖുർആൻ പാരായണത്തിലുമൊക്കെ മുഴുകുന്നതിനാൽ മസ്ജിദുകൾ ഭക്തിനിർഭരമാണ്.
അവസാന പത്തിലെ ഒറ്റ രാവുകൾ ഏറെ പ്രാധാന്യമുള്ളതായാണ് വിശ്വാസികൾ കരുതുന്നത്. ആയിരം മാസങ്ങളേക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദ്ർ എന്ന പ്രത്യേക രാത്രി അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട രാവിലാണെന്നാണ് പ്രതീക്ഷ. ഈ രാവിലെ പുണ്യം നേടാൻ വിശ്വാസികൾ മസ്ജിദുകളിൽ കൂടുതൽ സമയം ചെലവിടുന്നു. റമദാൻ 27ാം രാവിലാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ പള്ളികളിൽ എത്തുക. ഈ ദിവസം രാത്രി മുഴുവൻ പള്ളികളിൽ ചെലവിടുന്നവരും നിരവധിയാണ്. പ്രാർഥനയിലും ഖുർആൻ പാരായണത്തിലും നമസ്കാരത്തിലും മുഴുകി ഇവർ പള്ളിയിൽ കഴിയും.
കുവൈത്തിലെ പ്രധാന പള്ളികളിൽ വിശ്വാസികളുടെ തിരക്കേറിയിട്ടുണ്ട്. മസ്ജിദ് ബിലാലിലും മസ്ജിദ് കബീറിലും വിശാലമായ പാര്‍ക്കിങ് സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പള്ളികള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ഗതാഗതക്കുരുക്കിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ട്രാഫിക് നിർദേശങ്ങള്‍ പാലിക്കണമെന്നും അവശ്യ സര്‍വിസുകള്‍ക്ക് മാർഗതടസ്സം ഉണ്ടാക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. അടുത്ത ആഴ്ച പെരുന്നാളിന് സാധ്യതയുള്ളതിനാൽ, റമദാനിലെ അവസാന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും പള്ളികളിൽ തിരക്കേറി. റമദാനിലെ ശേഷിക്കുന്ന ദിനങ്ങളിൽ കർമങ്ങളിൽ കൂടുതൽ സജീവമാകാൻ ഇമാമുമാർ ഖുതുബയിൽ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.