രാജു സക്കറിയാസിന്റെ നിര്യാണത്തിൽ കെ.​ഐ.ജി അനുശോചിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന രാജു സക്കറിയാസിൻ്റെ നിര്യാണത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.​ഐ.ജി) കുവൈത്ത്​ അനുശോചിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, അബ്ബാസിയ റസിഡന്റ്സ് അസോസിയേഷൻ പോലുള്ള പ്രമുഖ സംഘടനകളിൽ മുഖ്യ ഭാരവാഹിത്വം വഹിച്ച അദ്ദേഹം, കെ.​ഐ.ജി യുടെ നല്ല സുഹൃത്തും അഭ്യുദയകാംക്ഷിയും കൂടിയായിരുന്നെന്നും അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്മരിക്കുന്നതോടൊപ്പം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.ഐ.ജി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

തനിമ കുവൈത്ത് അനുശോചിച്ചു

കുവൈത്ത് സിറ്റി: രാജു സഖറിയാസിന്റെ വിയോഗത്തിൽ തനിമ കുവൈത്ത് അനുശോചിച്ചു. തനിമ കുവൈത്തിന്റെ ഹാർഡ്കോർ അംഗവും സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും ആയിരുന്ന രാജു സഖറിയാസിന്റെ നിര്യാണം കുവൈത്ത് പ്രവാസികൾക്കും പ്രവർത്തന മേഖലയിലും വലിയ നഷ്ടമാണെന്ന് തനിമ കുവൈത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കുവൈത്തിലെ സാമൂഹിക-സാംസ്‌കാരിക-കലാ-കായിക മേഖലയില്‍ കാല്‍നൂറ്റാണ്ട് സജീവമായിരുന്ന രാജു സഖറിയാസ് ഞായറാഴ്ചയാണ് അന്തരിച്ചത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ജില്ലാ അസോസിയേഷനുകളുടെ കൂട്ടായ്മ 'കുട'യുടെ സെക്രട്ടറി, തനിമ ഹാര്‍ഡ്കോര്‍ അംഗം, ബി.ജി.എഫ്.ഐ ബോർഡ് ഓഫ് ഡയറക്ടർ, കോട്ടയം അസോസിയേഷന്‍, കുറവിലങ്ങാട് ദേവമാതാ കോളജ്, പാലാ സെന്റ് തോമസ് കോളജ് അലുമ്നി തുടങ്ങി നിരവധി അസോസിയേഷനുകളില്‍ സംഘടനപരമായ നേതൃത്വം വഹിച്ചിരുന്നു.

അഖില കേരള ബാലജന സഖ്യത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട്, ഇന്ത്യന്‍ യൂത്ത് അസോസിയേഷനിലൂടെ സാമൂഹിക പ്രവര്‍ത്തനം ഊര്‍ജിതമാക്കി. മണിമല സ്വദേശിയായ രാജു യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. തുടര്‍ന്ന്, നൈജീരിയയില്‍ അധ്യാപകനായും ഏതാനും വര്‍ഷം ജോലി നോക്കി. അതിന്ശേഷം കുവൈത്തിലെത്തിയ രാജു ഐ.കെ.ഇ.എ, അറബി എന്റെര്‍ടെക് തുടങ്ങിയ കമ്പിനികളിലും ജോലി ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് കുവൈത്തില്‍നിന്ന് കുടംബസമേതം തിരികെ നാട്ടിലേക്ക് മടങ്ങിയത്.

കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പരേതനായ സഖറിയാസിന്റെ മകനാണ്. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച ജന്മദേശമായ മണിമലയിൽ നടക്കും.

Tags:    
News Summary - KIG condoled the demise of Raju Zacharias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.