കുവൈത്ത് സിറ്റി: ബലിപെരുന്നാൾ ദിനത്തിൽ സുഡാനിലെ കുടുംബങ്ങൾക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പെരുന്നാൾ മാംസം കൈമാറി. പോർട്ട് സുഡാൻ നഗരത്തിലെ കുടിയിറക്കപ്പെട്ട 1500ലധികം കുടുംബങ്ങൾക്കാണ് മാംസം വിതരണം ചെയ്തത്. ആരോഗ്യം, ഭക്ഷണം, വൈദ്യസഹായം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സൊസൈറ്റിയുടെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഇതെന്ന് സുഡാനിലെ കുവൈത്ത് അംബാസഡർ ഡോ.ഫഹദ് അൽ തഫീരി പറഞ്ഞു. സുഡാൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് ഇവ വിതരണം ചെയ്തത്. സുഡാനിലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം നടന്നുകൊണ്ടിരിക്കുന്ന മാനുഷിക പിന്തുണയുടെ വിപുലീകരണമായാണ് ഈ പദ്ധതി. നേരത്തെ മരുന്നും ഭക്ഷണങ്ങളുമായി കുവൈത്ത് 18 സഹായ വിമാനങ്ങളും കപ്പലുകളും സുഡാനിലേക്ക് അയച്ചിരുന്നു.
സുഡാൻ ജനതക്ക് കുവൈത്ത് മാനുഷിക പിന്തുണ തുടരുമെന്നും അംബാസഡർ അൽ തഫീറിൻ വ്യക്തമാക്കി. സുഡാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് കമീഷണറും ആരോഗ്യ മന്ത്രാലയ പ്രതിനിധികളും ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ഉടൻ കുവൈത്ത് സന്ദർശിക്കുമെന്നും സൂചിപ്പിച്ചു. സുഡാനിലെ മാനുഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, മുൻഗണനകളും ആവശ്യങ്ങളും ക്രമീകരിക്കൽ എന്നിവയുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം, ജോയന്റ് റിലീഫ് കമ്മിറ്റി, റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുമായി സംഘം കൂടിക്കാഴ്ചകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.